ചക്കച്ചുള പറിക്കല്‍ ബുദ്ധിമുട്ടല്ല; യന്തിരന്‍ തയാര്‍

ചക്ക വെട്ടിചുള പറിക്കുന്നത് ഇനിയൊരു അധ്വാനമല്ല. ആ ബുദ്ധിമുട്ടോര്‍ത്ത് ഇനി ചക്ക കളയുകയും വേണ്ട. ചുളകള്‍ വേര്‍തിരിച്ചെടുക്കാനും വൃത്തിയാക്കാനും ഇനി യന്ത്രം സഹായിക്കും. കാര്‍ഷിക എന്‍ജിനിയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന അകിലേന്ത്യാ സംയോജിത വിള സംസ്കരണ പദ്ധതിയില്‍ (എ.ഐ.സി.ആര്‍.പി ഓണ്‍ പി.എച്ച്.പി.ടി സ്കീം) രൂപകല്‍പന ചെയ്ത ലളിതവും അനായാസം പ്രവര്‍ത്തിപ്പിക്കാവുന്നതുമായ യന്ത്രം ചക്ക വ്യവസായത്തിന്
മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് ഒരു കേടുസ്റ്റ കൂടാതെ ചക്ക പൊളിക്കല്‍ എളുപ്പമാകുന്ന യന്ത്രത്തിന്‍െറ പ്രവര്‍ത്തനത്തിലെ കൃത്യത 85 മുതല്‍ 90 ശതമാനം വരെയാണ്. ഇടിച്ചക്ക മുതല്‍ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കാവുന്ന ചക്കയില്‍ നിന്ന് ഒട്ടേറെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ഉല്‍പ്പന്നമായതിനാല്‍ ചക്ക വിഭവങ്ങള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ചക്കയുടെ കട്ടികൂടിയ പുറംതൊലി നീക്കാനും ചുളയെടുക്കാനും കുരു നീക്കാനും മറ്റുമുള്ള പ്രയാസം ചക്കയുടെ വ്യവസായിക സ്വീകാര്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ചക്ക ഉല്‍പന്നങ്ങളുടെ വ്യവസായവല്‍ക്കരണം വേണ്ടപോലെ നടക്കാതിരിക്കാന്‍ ഇതാണ് പ്രധാന കാരണം. യന്ത്രവല്‍ക്കരണത്തിലൂടെ ഈ പ്രശ്നം പരിഹരിച്ചാല്‍ ചക്ക ഉപഭോഗം വര്‍ധിപ്പിക്കാമെന്ന് കാര്‍ഷിക എന്‍ജിനിയറിങ് കോളേജിലെ വിദഗ്ദര്‍ പറയുന്നു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍െറ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സംയോജിത വിള സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത് വികസിപ്പിച്ചെടുത്തത്. വിവരങ്ങള്‍ക്ക് പ്രഫസര്‍ ആന്‍ഡ് റിസര്‍ച്ച് എന്‍ജിനിയര്‍,അഖിലേന്ത്യാ സംയോജിത വിള സംസ്കരണ ഗവേഷണ പദ്ധതി, കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളേജ് തവനൂര്‍. ഫോണ്‍: 0494 2687980, 9446547714
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.