കുറ്റിപ്പുറം: കെട്ടിനാട്ടി കൃഷിയുമായി വയനാട്ടിൽനിന്ന് അജി തോമസ് മലപ്പുറത്തെത്തി. തവനൂർ കാർഷിക കോളജിൽ ആരംഭിച്ച കർഷക നവീകരണം മ്യൂസിയത്തിലാണ് ഈ കൃഷിരീതി അവതരിപ്പിച്ചത്. പരമ്പരാഗത രീതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണിത്. വീട്ടുമുറ്റത്ത് വെച്ച് നെല്‍വിത്തുകള്‍ മുളപ്പിച്ചെടുക്കുകയാണ് ഇതിന്‍റെ പ്രത്യേകത. പഞ്ചഗവ്യം ചേര്‍ന്ന് സമ്പുഷ്ടീകരിച്ച ചാണകത്തിലാണ് നെല്‍വിത്തുകള്‍ മുളപ്പിക്കുത്. റബർ ഹോൾ മാറ്റിലോ ട്രേയിലോ ചാണകം മെഴുകി വിത്ത് പതിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് മാറ്റ് എടുത്തുമാറ്റുന്നതോടെ ചാണകവും വിത്തും ചേര്‍ന്ന വൃത്താകൃതിയിലോ, ചതുരാകൃതിയിലോ ഉള്ള പെല്ലറ്റുകളായി മാറും. രണ്ട് ദിവസത്തിനുള്ളിൽ പെല്ലറ്റുകള്‍ക്കുള്ളില്‍നിന്നും വിത്തുകള്‍ മുളപൊട്ടും. പരമാവധി അഞ്ച് ദിവസത്തിനകം തന്നെ നടാനുള്ള ഞാറ്റടികള്‍ തയാറാകും.
ഉണങ്ങിയ വിത്തിനെ ഒരു രാത്രി മഞ്ഞ് കൊള്ളിച്ച ശേഷം പഞ്ചഗവ്യം ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകത്തിനൊപ്പം ഒരു കളിക്കൂട്ട് കൂടി ചേര്‍ത്ത് നെല്ല് പതിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അജി തോമസ് പറയുന്നു. ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നെല്ലിനങ്ങള്‍ അതിവേഗത്തില്‍ വളരും. മണ്ണിലെ സൂക്ഷ്മാണുക്കളുടെ ലഭ്യതക്കുറവ് പെല്ലറ്റില്‍നിന്ന് തന്നെ കൊടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രീതിയേക്കാൾ ശരാശരി 40 ശതമാനം വരെ ചെലവ് കുറയും. ഒരേക്കറിലേക്ക് 30 മുതൽ 35 കിലോഗ്രാം വരെ വിത്ത് വേണ്ട സ്ഥാനത്ത് നെല്ലിനം അനുസരിച്ച് പരമാവധി അഞ്ച് കിലോഗ്രാം വരെ മതിയാകും. നെൽച്ചെടിക്കുള്ള 40 ദിവസത്തെ വളം ചിറ്റുണ്ടയിൽ ഉണ്ടായിരിക്കും. ഞാറ്റടി പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന വളർച്ചയുടെ ശരാശരി കാലതാമസമായ 14 ദിവസം വരെ ഇതിലൂടെ ഒഴിവാക്കാം. അതായത് സാധാരണ കൃഷിയേക്കാൾ രണ്ടാഴ്ച മുമ്പ് കൊയ്ത്ത് നടത്താം. കെട്ടിനാട്ടി കൃഷി ചെയ്യുമ്പോള്‍ നെല്ലിന് പ്രതിരോധ ശേഷി കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കീടനാശിനികളോ, രാസവളങ്ങളോ ഉപയോഗിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.