നെടുമങ്ങാട്: അടയ്ക്കയുടെ ഉൽപാദനം കുറഞ്ഞതോടെ തെക്കൻ കേരളത്തിെല നൂറ് കണക്കിന് അടയ്ക്ക സംസ്കരണ കേന്ദ്രങ്ങൾക്ക് (പാക്കുപുര) താഴുവീണു. ഒരുകാലത്ത് ആളും ആരവവുമായി സജീവമായിരുന്ന പാക്കുപുരകൾ പലയിടത്തും വിസ്മൃതിയിലായി. ശേഷിക്കുന്നവക്ക് ഏതു നിമിഷവും പൂട്ടുവീഴാം. സംസ്കരണ കേന്ദ്രങ്ങൾ പൂട്ടുന്നതോടെ മറ്റൊരു പരമ്പരാഗത വ്യവസായ മേഖലകൂടിയാണ് മൺമറയുന്നത്.
അടയ്ക്കയെയും അടയ്ക്കമരത്തെയും മാറ്റിനിർത്തി ഒരു ജീവിതമേ സാധ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. വെറ്റില മുറുക്ക്, പാള തൊപ്പി, പാള തൊട്ടി, അടയ്ക്കാമര പന്തൽ, കൊടിമരം എന്നുവേണ്ട ഏതൊരു മംഗള കാര്യങ്ങളും ചടങ്ങുകളും അടയ്ക്കയില്ലാതെ പൂർണമാകില്ലായിരുന്നു. വീടുകളുടെ നിർമാണത്തിന് കഴുക്കോലായും പട്ടികയായും നല്ല മൂപ്പേറിയ അടയ്ക്ക മരങ്ങൾ ഉപയോഗിച്ചിരുന്നു. ഇത്രയൊക്കെ പ്രാധാന്യമുള്ള ഈ വിള ഒരുകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സുമായിരുന്നു. കവുങ്ങുകൾ വെട്ടിമാറ്റി റബർ പ്ലാന്റേഷൻ നടത്തുകയും കൃഷി ലാഭകരമല്ലാതായതുമാണ് പ്രതിസന്ധിയായത്. തെക്കൻ കേരളത്തിലെ അടയ്ക്ക വിപണിയിൽ നെടുമങ്ങാടിന് വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. നെടുമങ്ങാട്, പെരിങ്ങമ്മല, നന്ദിയോട്, വിതുര, കാട്ടാക്കട, കോട്ടൂർ തുടങ്ങിയ പ്രധാന ചന്തകളിൽ ആഴ്ചകളിൽ ലോഡുകണക്കിന് അടയ്ക്ക എത്തിയിരുന്നു. ഇന്ന് ആളുകളുടെ ദൈനംദിന മുറുക്കിനും മറ്റുമായി കാസർകോടുനിന്ന് അടയ്ക്ക എത്തേണ്ട സ്ഥിതിയാണ്.
മറ്റ് കൃഷികളിലേക്ക് തിരിഞ്ഞ കർഷകർ അടയ്ക്ക കൃഷി പൂർണമായും ഉപേക്ഷിച്ചു. അടയ്ക്കയുടെ ഉൽപാദനം കുറഞ്ഞതോടെയാണ് പാക്കുപുരകളുടെ പ്രവർത്തനം നിലച്ചത്. അതോടെ ഇതിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരങ്ങളുടെ തൊഴിലും നഷ്ടമായി. കിഴക്കൻ മലയോര മേഖലയുൾപ്പെടുന്ന നെടുമങ്ങാട് താലൂക്കിലും പരിസരങ്ങളിലും സമീപ ജില്ലകളിലും നൂറ് കണക്കിന് അടയ്ക്ക സംസ്കരണ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. ഇവിടങ്ങളിൽ അധികവും സ്ത്രീ തൊഴിലാളികളായിരുന്നു. അടയ്ക്ക പൊളിക്കുന്നതിനും ഉണക്കുന്നതിനും വൈദഗ്ധ്യം നേടിയ നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാണ് ഇവ അടച്ചുപൂട്ടിയേതാടെ അവതാളത്തിലായത്. അടയ്ക്കയുടെ വരവ് നിലച്ചതോടെ അടയ്ക്കാ സംഭരണത്തിനായി നെടുമങ്ങാട്ട് ആരംഭിച്ച കാപ്കോയുടെ പ്രവർത്തനവും നിലച്ചു.
സംസ്കരണ കേന്ദ്രങ്ങളിൽ മൂക്കാത്ത അടക്ക വേവിച്ചു സുഗന്ധ ദ്രവ്യങ്ങൾ ചേർത്ത് തയാറാക്കുന്ന വാസന പാക്കുകൾ അഥവ കളിയടക്ക, വിളഞ്ഞുപഴുത്ത അടയ്ക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വെള്ളത്തിൽ സംഭരിച്ചുവക്കുന്ന നീറ്റടക്ക, മൂപ്പെത്തിയ അടക്ക തൊലികളഞ്ഞു ഉണക്കി സൂക്ഷിക്കുന്ന കൊട്ടപ്പാക്ക് എന്നിവയാണ് വിപണിയിൽ ലഭ്യമായ അടക്കയുടെ വിവിധ തരങ്ങൾ.
അടയ്ക്കയില്‍നിന്ന് ഉൽപാദിപ്പിക്കുന്ന 'അരക്കോലിന്‍' കന്നുകാലികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് കൃമിനാശീകരണ ഔഷധമായി ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ സർക്കാർ അടയ്ക്ക കൃഷി വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ ഇടപെടലുകളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.