കായംകുളം: അസമിലെ ഗുവാഹതിയിൽനിന്നെത്തി മലയാള മണ്ണിൽ നൂറുമേനി വിളവ് കൊയ്ത് അന്തർ സംസ്ഥാന തൊഴിലാളി മാതൃകയാകുന്നു. കറ്റാനം ഇലിപ്പക്കുളം കട്ടയിൽ പുരയിടത്തിലാണ് അസം സ്വദേശിയായ ഗഫൂർ റഹ്മാന്റെ (33) കൃഷി. ചുരക്ക, കുക്കുംബർ, മത്തങ്ങ, പീച്ചിങ്ങ, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് ജൈവരീതിയിൽ കൃഷി ചെയ്യുന്നത്.
20 സെന്റിൽ തുടങ്ങിയ കൃഷി വിജയകരമെന്ന് കണ്ടതോടെ ഒരു ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സഹോദരി ഭർത്താവായ റമദാനും ഇടക്ക് സഹായത്തിനുണ്ടാകും. കൂലിപ്പണി ഇല്ലാത്ത ദിവസം പൂർണമായും കൃഷിയിടത്തിൽ ചെലവഴിക്കും. പണിയുള്ളപ്പോൾ രാവിലെയും വൈകീട്ടും കൃഷിയിടത്തിലെത്തി അധികം ജോലി ചെയ്യും.
കട്ടയിൽ ജലാലുദ്ദീൻകുഞ്ഞും നൂറുദ്ദീൻകുഞ്ഞുമാണ് കൃഷി താൽപര്യം മനസ്സിലാക്കി ഗഫൂറിന് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. കൃഷിയോട് ആഭിമുഖ്യമുള്ള ഇരുവരും ഗഫൂറിനൊപ്പം കൃഷിയിടത്തിൽ കൂടുകയും ചെയ്യും. വിളവെടുക്കുന്ന പച്ചക്കറികൾ ചൂനാട് ചന്തക്ക് സമീപമുള്ള വിപണിയിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്.
ജലാലുദ്ദീനാണ് വിൽപനക്ക് മേൽനോട്ടം വഹിക്കുന്നത്. ഏഴു വർഷം മുമ്പാണ് ഗഫൂർ ഇലിപ്പക്കുളത്ത് എത്തുന്നത്. മികച്ച ജൈവ കൃഷിരീതിയാണ് ഗഫൂർ പരീക്ഷിക്കുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.