ബംഗളൂരു: കേരളത്തിൽ നിന്നെത്തിച്ച അവോകാഡോ (ബട്ടർ ഫ്രൂട്ട്) തൈകൾ നട്ടുവളർത്തി ബിദറിൽ കർഷകൻ നടത്തിയ പരീക്ഷണം വിജയകരം. പൊതുവേ മാങ്ങ കൃഷിക്കും തണ്ണിമത്തൻ കൃഷിക്കും പേരുകേട്ട ബിദറിൽ ആദ്യമായാണ് അവോകാഡോ അഥവാ വെണ്ണപ്പഴം കൃഷി ചെയ്യുന്നത്.
ഹുംനാബാദിലെ അല്ലൂർ വില്ലേജിലെ കർഷകനായ ഡോ. നാഗേന്ദ്രപ്പ ബിരദാറാണ് പരീക്ഷണ കൃഷി നടത്തിയത്. രണ്ടുവർഷം മുമ്പ് തന്റെ 2.5 ഏക്കർ കൃഷിയിടത്തിൽ 220 അവോകാഡോ തൈകൾ നട്ടത്. ആവശ്യമായ ഉപദേശവും സഹായവുമായി ഹോർട്ടികൾചർ വകുപ്പ് കൂടെ നിന്നു. ജൈവരീതിയിൽ ശാസ്ത്രീയമായാണ് ഡോ. നാഗേന്ദ്രപ്പ ബിരദാർ കൃഷി നടത്തുന്നത്. ഇത്തവണ ചെടികളിൽ ഫലങ്ങൾ കായ്ച്ചതോടെ പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു. കേളത്തിൽനിന്നുള്ള ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നടീലിനായി ഉപയോഗിച്ചത്.
ഇതാണ് വേഗത്തിൽ കായ്ഫലങ്ങൾ ലഭിക്കാൻ കാരണം. വിത്തുമുളപ്പിച്ച തൈകൾ കായ്ക്കാൻ ഏറെ വർഷങ്ങളെടുക്കും. അവോകാഡോക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. പോഷകമൂല്യമുള്ള ഈ പഴത്തിന് പൊതുവെ വിലയും കൂടുതലായതിനാൽ കർഷകർക്ക് നല്ല വില ലഭിക്കും. കേരളത്തിൽ വയനാട്ടിലും കാസർകോട്ടും ഏക്കർ കണക്കിന് കൃഷിയിടത്തിൽ ട്രോപ്പിക്കൽ, സബ്ട്രോപ്പിക്കൽ ഇനങ്ങളിലായി അവോകാഡോ കൃഷി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.