കക്കോടി: വാഴകളുടെ വൈവിധ്യവുമായി നിറവ് വേങ്ങേരി ബനാന ബാങ്ക് ആരംഭിക്കുന്നു. ലോക്ഡൗൺ കാലത്ത് നിറവ് കോഓഡിനേറ്റർ ബാബു പറമ്പത്ത് നടത്തിയ പരീക്ഷണമാണ് വൻ പദ്ധതിയായി മാറുന്നത്. വീടിനോട് ചേർന്നുള്ള ബന്ധുവിന്റെ സ്ഥലത്തു ബാബു കൃഷിചെയ്ത സ്വദേശിയും വിദേശിയുമായ വിവിധയിനം വാഴകളാണ് വളർന്ന് 107 ഇനം ബനാന ബാങ്ക് പദ്ധതിയിലെത്തിയത്. തായ്ലൻഡിൽ കൃഷി ചെയ്യുന്ന തായ് മൂസ എന്ന ഇനമാണ് തോട്ടത്തിലെ ഉയരം കുറഞ്ഞ ഇനം. രണ്ടടി മാത്രമാണ് ഉയരം.
അപൂർവയിനമുൾപ്പെടെയുള്ള വാഴകളെ സംരക്ഷിക്കാനും കൂടുതൽ ഉൽപാദിപ്പിക്കാനും ഉദ്ദേശിച്ചാണ് നബാർഡ് സഹായത്തോടെ ബനാന ബാങ്ക് ആരംഭിക്കുന്നത്. കോഴിക്കോട് കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, പെരുവയൽ, ഉണ്ണികുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 150 കർഷകർക്ക് വാഴത്തൈ സൗജന്യമായി നൽകും.
നടുന്ന വാഴകളുടെ വളർച്ച ഓരോ മാസവും രേഖപ്പെടുത്തും. പ്രത്യേക സോഫ്റ്റ്വെയറിലാണ് ഇവയെല്ലാം രേഖപ്പെടുത്തുക. വാഴക്കുലയും തൈകളും കർഷകന് വിൽക്കാമെങ്കിലും ബനാന ബാങ്ക് ശൃംഖല വഴിയാകണമെന്നുമാത്രം. വാഴ എവിടെയൊക്കെയുണ്ട് എന്ന് രേഖപ്പെടുത്താനും പെട്ടെന്ന് കണ്ടെത്താനും വേണ്ടിയാണ് ഈ രീതിയിൽ വിൽപന നടത്തുന്നത്. കർഷകർക്ക് പ്രത്യേക പരിശീലനവും നൽകും. എ.പി. സത്യനാഥൻ ആണ് ബനാന ബാങ്ക് ചെയർമാൻ. ബാങ്കിന്റെ ഉദ്ഘാടനം 18നു രാവിലെ ഒമ്പതിനു മേയർ ഡോ. ബീന ഫിലിപ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.