കട്ടപ്പന: ക്ഷീരകർഷകരെ പ്രതിസന്ധിയിലാഴ്ത്തി കാലിത്തീറ്റ വില കുത്തനെ ഉയർന്നു. ആനുപാതികമായി പാൽവില വർധിക്കാത്തതും ഉൽപാദനച്ചെലവേറിയതും മൂലം കാലിവളർത്തൽ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ക്ഷീര കർഷകർ. കാലിത്തീറ്റ വില ഒറ്റദിവസം കൊണ്ട് 50 കിലോ ചാക്കിന് 180 രൂപയാണ് വർധിച്ചത്.
ഉൽപാദനച്ചെലവേറിയതിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് കാലിത്തീറ്റ വിലവർധന കൂനിന്മേൽ കുരുപോലെയായി. 2015ൽ 885 രൂപ വിലയുണ്ടായിരുന്ന കാലിത്തീറ്റക്ക് ഇപ്പോൾ 1550 ആയി. അന്ന് ലിറ്ററിന് 43 രൂപയായിരുന്ന പാൽവില, ഇന്ന് 46. ഉൽപാദനച്ചെലവിന് ആനുപാതികമായി പാൽവില വർധിക്കുന്നില്ലെന്ന് ശാന്തിഗ്രാം ക്ഷീരസംഘം പ്രസിഡന്‍റ് ജോസുകുട്ടി അരീപ്പറമ്പിൽ പറഞ്ഞു. മിൽമയുടെ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കിന് 1370 രൂപയാണ്. 40 രൂപ കമീഷൻ കിഴിച്ച് 1330നാണ് ക്ഷീരസംഘം കർഷകർക്ക് നൽകുന്നത്. കേരള ഫീഡ്സ് പോലെ ഇതര കാലിത്തീറ്റക്കും 150 രൂപയുടെ വർധനയുണ്ടായി.
പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കാലിവളർത്തൽ ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. പുൽകൃഷി കുറഞ്ഞതും വയ്ക്കോൽ വില കൂടിയതുംമൂലം നിരവധി കർഷകർ കാലിവളർത്തൽ ഉപേക്ഷിച്ചു. തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിക്കുന്ന ദിവസവേതനംപോലും കർഷകന് ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.