കോട്ടയം: ആലപ്പുഴക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി. കോട്ടയം ജില്ലയിൽ മൂന്നിടത്ത് രോഗം സ്ഥിരീകരിച്ചു. വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിലാണ് രോഗബാധ. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം.
വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ് അടക്കമുള്ള പക്ഷികളെ കൊന്നുനശിപ്പിക്കുമെന്ന് ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. നശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെ ആരംഭിക്കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിെൻറ 10 ദ്രുതകർമസേന സംഘങ്ങളെ നിയോഗിച്ചു. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. കല്ലറ -രണ്ട്, വെച്ചൂർ -അഞ്ച്, അയ്മനം -മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തും. 28,500 മുതൽ 35,000വരെ പക്ഷികളെ നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. 10 കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, മറ്റു പക്ഷികൾ എന്നിവയെ തീറ്റക്കായി കൊണ്ടുനടക്കുന്നതിനും നിരോധനമുണ്ട്.
രോഗബാധിത മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ കലക്ടർ നിർദേശം നൽകി. കോട്ടയം, വൈക്കം തഹസിൽദാർമാരെ ഇൻസിഡൻറ് കമാൻഡർമാരായി നിയോഗിച്ചിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ അസ്വാഭാവിക മരണങ്ങൾ നിരീക്ഷിക്കുന്നതിന് വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.
കല്ലറയിൽ ഒരു ദിവസം കൊണ്ടും വെച്ചൂരിൽ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാൻ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ. 60 ദിവസത്തിൽ താഴെയുള്ള താറാവിന് 100 രൂപയും അതിനു മുകളിലുള്ളവക്ക് 200 രൂപയുമാണ് കർഷകർക്ക് ധനസഹായമായി നൽകുകയെന്ന് കലക്ടർ പറഞ്ഞു.
വെച്ചൂർ, കുമരകം എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിൾകൂടി ഭോപാലിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിെൻറ ഫലം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.