ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുേമ്പാഴും രോഗം സ്ഥിരീകരിക്കാൻ സംവിധാനമില്ലാത്തത് കർഷകർക്ക് പ്രതിസന്ധിയായി തുടരുന്നു.കുട്ടനാട് കേന്ദ്രീകരിച്ച് നൂതന വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതൊഴിച്ചാൽ ഒരുനീക്കവും പിന്നീട് നടന്നില്ല. താറാവുകർഷകർക്ക് ആശ്രയം ഇപ്പോഴും ഭോപാലിലെ വൈറോളജി ലാബാണ്. 2014ലാണ് കുട്ടനാട്ടിൽ ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.
താറാവുകൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെ പ്രാദേശികമായി മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ചത്ത താറാവുകളുടെ സാംപിൾ തിരുവല്ലയിലെ മഞ്ഞാടി ലാബിലേക്ക് അയച്ചു. പരിശോധനയിൽ രോഗകാരണം സ്ഥിരീകരിക്കാൻ കഴിയാതെ വിദഗ്ധ പരിശോധനക്ക് സാംപിൾ ഭോപാലിലെ വൈറോളജി ലാബിലേക്കയച്ചു. ആഴ്ചകൾക്കുശേഷമാണ് അന്ന് ഫലം വരുകയും പക്ഷിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.
രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും കടുത്ത ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പതിനായിരക്കണക്കിന് താറാവുകളെ കൊന്ന് ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ ദഹിപ്പിച്ചു.
ആലപ്പുഴയിലും കുട്ടനാട്ടിലും മന്ത്രിമാരടക്കം സന്ദർശനം നടത്തി ആധുനിക സൗകര്യങ്ങളോടു കൂടിയ വൈറോളജി ലാബ് കുട്ടനാട്ടിൽ സ്ഥാപിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
10,000 മുതൽ 15,000 വരെ താറാവുകൾ ഉള്ള കുട്ടനാട്ടിലെ പരമ്പരാഗത കർഷകർക്ക് ഏറെ സന്തോഷം നൽകിയ പ്രഖ്യാപനം ആയിരുന്നു അത്.
എന്നാൽ, ഏഴു വർഷം പിന്നിട്ടിട്ടും ലാബ് വന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ പക്ഷിപ്പനി കുട്ടനാടിനെ തുടരാതെ പിടികൂടി. പനി വ്യാപിച്ച് കൂടുതൽ താറാവുകൾ ചാകുകയോ കൊന്നൊടുക്കേണ്ടിയോ വരുന്ന സാഹചര്യമാണ് പരിശോധന സൗകര്യം ലഭ്യമല്ലാത്തതിനാൽ സംഭവിക്കുന്നത്. പള്ളിപ്പാട് കൃഷിഭവൻ പരിധിയിലെ അഞ്ചോളം കർഷകരുടെ പതിനയ്യായിരത്തോളം താറാവുകൾ ദിവസങ്ങളായി ചാകാൻ തുടങ്ങിയതോടെ മൃഗസംരക്ഷണ ഓഫിസറെ അറിയിക്കുകയും തിരുവല്ല മഞ്ഞാടി ലാബിലേക്ക് പരിശോധനക്ക് അയക്കുകയും ചെയ്തു. രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും ഭോപാലിലെ ലാബിലേക്ക് അയച്ചെങ്കിലും പരിശോധനഫലം ഇപ്പോഴും ലഭ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.