കാഞ്ഞങ്ങാട്: രാവണേശ്വരത്തെ സഹോദരങ്ങളായ പി. രാധാകൃഷ്ണനും പി. മഞ്ജുനാഥനും പച്ചക്കറി കൃഷിരംഗത്തെ പരിചയം ഇന്നും ഇന്നലെയുമുള്ളതല്ല. വർഷങ്ങളായി ഇവർ കൃഷി ചെയ്ത് വിവിധ പച്ചക്കറി ഉൽപന്നങ്ങൾ വിളയിച്ചെടുത്തിട്ടുണ്ട്. ഇപ്രാവശ്യത്തെ പച്ചക്കറികൃഷി വിളവെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഇവർ പറയുന്നു.
ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയവുമായി സി.പി.എമ്മിന്റെയും കർഷകത്തൊഴിലാളി യൂനിയന്റെയും കർഷകസംഘത്തിന്റെയും ആഹ്വാനമനുസരിച്ചാണ് ഇവർ ഇപ്രാവശ്യം കൃഷിയിലേക്ക് തിരിഞ്ഞത്. പാർട്ടിയുടെയും മറ്റ് ബഹുജന കർഷക സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കുന്നതിനോടൊപ്പമാണ് ഇവർ കൃഷിയും കൊണ്ടുപോകുന്നത്. 50 സെന്റ് സ്ഥലത്ത് ജൈവകൃഷി രീതിയിലൂടെയാണ് ഇവർ ഞരമ്പനും മറ്റ് വിളകളായ പാവക്ക, മത്തൻ എന്നീ പച്ചക്കറികൾ കൃഷിചെയ്ത് വിജയഗാഥ രചിച്ചിരിക്കുന്നത്.
രാവണേശ്വരത്തെ പാരമ്പര്യ കർഷകനും അജാനൂർ കൃഷിഭവന്റെ മികച്ച കർഷക ജേതാവുകൂടിയായ കരിപ്പാടക്കൻ ചന്തുവിന്റെ മക്കളാണ് മഞ്ജുനാഥനും രാധാകൃഷ്ണനും. തങ്ങളുടെ കൃഷി കണ്ട് യുവതലമുറ കൃഷി രംഗത്തേക്ക് വരുമെന്ന പ്രതീക്ഷയാണുള്ളത്. കൃഷിയിൽനിന്ന് ഒരു തവണത്തെ വിളവെടുപ്പിൽ 50 കിലോയോളം നരമ്പൻ ലഭിക്കുന്നുണ്ടെന്ന് പി. മഞ്ജുനാഥൻ പറഞ്ഞു. കൃഷി സ്ഥലത്തുതന്നെ ആളുകൾ വാങ്ങാനെത്തുന്നുമുണ്ട്. രാവണേശ്വരം കുന്നുപാറയിലെ കൃഷിസ്ഥലത്ത് നടന്ന വിളവെടുപ്പ് ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് നിർവഹിച്ചു. പി. കൃഷ്ണൻ, എ. പവിത്രൻ, കെ.വി. സുകുമാരൻ, പ്രജീഷ് കുന്നും പാറ, എസ്. ശശി, ജൈവകർഷകനായ ഗണേശൻ മാക്കി എന്നിവർ സംബന്ധിച്ചു. കൃഷിയിൽ നിന്ന് മൊത്തത്തിൽ 10 കിന്റലോളം വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.