മറയൂർ: ശീതകാല പച്ചക്കറി, പഴവർഗങ്ങളുടെ കലവറയായ കാന്തല്ലൂർ പെരുമലയിൽ വ്യത്യസ്തകൃഷിയുമായി ശിഹാബുദ്ദീൻ. 'ഫാർമേഴ്സ് ക്യാമ്പ്' എന്നറിയപ്പെടുന്ന രണ്ടേക്കർ കൃഷി സ്ഥലത്ത് പച്ചക്കറിയും പഴവർഗങ്ങളും ബക്കറ്റുകളിൽ മുളപ്പിച്ചെടുത്ത് വളവും വെള്ളവും പാഴാക്കാതെ വിജയം കൊയ്യുകയാണ് ഈ കർഷകൻ.
കാരറ്റ്, കാബേജ്, വെളുത്തുള്ളി, ബീൻസ്, കിഴങ്ങ്, ബീറ്റ്റൂട്ട്, സലാഡിന് ഉപയോഗിക്കുന്ന പച്ചില വർഗങ്ങൾ, ബ്ലാക്ക്ബെറി, സ്ട്രോബറി എന്നിവയെല്ലാം നല്ല രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കാവുന്നതാണ് ശിഹാബുദ്ദീെൻറ ബക്കറ്റ് കൃഷി. സാധാരണരീതിയിൽ പാടത്ത് കൃഷി ചെയ്യുമ്പോൾ നനവ് കൂടുതൽ വേണം. ബക്കറ്റ് കൃഷി ഏതു സ്ഥലത്തും ചെയ്യാം.
ഒരു ചതുരശ്രയടിയുള്ള ബക്കറ്റിൽ പച്ചിലവളം, ചാണകം, മണ്ണ് എന്നിവ കൃത്യമായ അനുപാതത്തിൽ നിറച്ച് വിത്ത് മുളപ്പിച്ച് എടുക്കും. ബക്കറ്റ് ആയതിനാൽ വെള്ളവും വളവും നിയന്ത്രിച്ച് ഉപയോഗിക്കാം. മണ്ണ് ഒരുക്കുന്നതും കള പറിക്കുന്നതും എളുപ്പമാണെന്നത് കൂടാതെ തൊഴിലാളികളുടെ ആവശ്യവും കുറവാണ്. സ്വന്തം അധ്വാനത്തിലൂടെ അധികം കൃഷി പരിചയമില്ലാത്തവർക്കും ചെയ്യാവുന്നതാണ് ബക്കറ്റ് കൃഷി. ബക്കറ്റ് 20 വർഷം വരെ ഉപയോഗിച്ച് വ്യത്യസ്ത കൃഷികൾ ചെയ്യാവുന്നതാണെന്ന് ശിഹാബുദ്ദീൻ പറയുന്നു. നിലവിൽ ഫാർമേഴ്സ് ക്യാമ്പിൽ ശിഹാബുദ്ദീൻ 1000 ബക്കറ്റുകളിലാണ് തൈകൾ മുളപ്പിച്ചുവരുന്നത്. നിലവിൽ ചെയ്യുന്ന കൃഷികൾ എല്ലാം തന്നെ മൂന്നു മാസത്തിൽ വിളവെടുക്കാവുന്നതാണ്. ബക്കറ്റിൽ പഴവർഗ തൈകൾ നട്ട് രണ്ടു വർഷം വരെ പരിപാലിച്ച് വേരും മണ്ണും കളയാതെ മറ്റ് സ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കാം. ബക്കറ്റ് കൃഷിയെക്കുറിച്ച് പഠിക്കാൻ എത്തുന്നവർക്ക് വിവരിച്ചു നല്കാനും തയാറാണ് ശിഹാബുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.