കട്ടപ്പന: ഏലക്ക ലേലത്തിന് പുതിയ രീതി പരീക്ഷിക്കാൻ സ്‌പൈസസ് ബോര്‍ഡ്. ഗുണനിലവാരത്തിനനുസരിച്ച് തരം തിരിച്ച് ലേലം നടപ്പാക്കാനാണ് ആലോചന. ഏലക്കയിൽ കീടനാശിനിയുടെ അളവ് അധികമായതിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയരീതി പരീക്ഷിക്കുന്നത്.
കീടനാശിനിയുടെ അളവ് പരിശോധിച്ച് തരം തിരിച്ചശേഷം ഗുണനിലവാരം ഉയർന്നവ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ലേലം നടത്താനുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്. വിദേശരാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ടുള്ള പുതിയ ലേലരീതി നടപ്പില്‍ വരുന്നതോടെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷമായി വലിയ വിലത്തകര്‍ച്ചയാണ് ഏലക്ക വിപണി നേരിടുന്നത്. ഒരു വർഷമായി ശരാശരി വില 750 രൂപക്ക് താഴെയാണ്. ഇതോടെ കര്‍ഷകരും ഏലം കൃഷിയുമായി ബന്ധപ്പെട്ട കച്ചവടക്കാരും വലിയ പ്രതിസന്ധിയിലാണ്. അമിത കീടനാശിനി പ്രയോഗമാണ് ഇടുക്കി ഏലക്കയുടെ വിദേശ മാര്‍ക്കറ്റ് ഇടിച്ചതെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ കർഷകരെ ബോധവത്കരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും തരം തിരിച്ച ഏലക്ക മാത്രം ഉള്‍പ്പെടുത്തിയുള്ള ലേലം സഹായിക്കുമെന്നാണ് ബോർഡ് കരുതുന്നത്.
വിദേശ കയറ്റുമതി ലക്ഷ്യമിടുന്ന കച്ചവടക്കാര്‍ ഇങ്ങനെയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്നും അതുവഴി കച്ചവടക്കാർക്കിടയിൽ മത്സരസ്വഭാവം വർധിക്കുമെന്നും ബോർഡ് കരുതുന്നു. ഗുണനിലവാരം ഉയർന്ന ഏലക്ക വാങ്ങാൻ വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്നതോടെ വില ഉയരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തിൽ പ്രതിമാസം ഒന്നോ രണ്ടോ തവണ ഇത്തരത്തില്‍ ലേലം നടത്താനാണ് ആലോചന. ഇത് സംബന്ധിച്ച മാര്‍ഗരേഖ തയാറായി വരുകയാണെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.