കട്ടപ്പന: ഏലത്തിന് തറവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏലംകർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. പുറ്റടി സ്പൈസസ് പാർക്കിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തും. ഇതിന് ജില്ലയിലെ ഏലംകർഷകരുടെ പ്രത്യേക യോഗം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകി.
വണ്ടന്മേട്ടിൽ നടന്ന ഏലംകർഷകരുടെ പ്രാഥമിക യോഗത്തിൽ നൂറിലധികം കർഷകർ പങ്കെടുത്തു. ഇന്ത്യൻ കാർഡമം പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി.
ഈ സംഘടനയുടെ നേതൃത്വത്തിൽ അടുത്ത 11ന് പുറ്റടി സ്പൈസസ് പാർക്കിന് മുന്നിൽ ഉപരോധ സമരം നടത്തും. ഏലത്തിന്റെ വിലയിടിവിനും ഇറക്കുമതിക്കും പിന്നിൽ സ്പൈസസ് ബോർഡും ഏലം ലേല കേന്ദ്രങ്ങളുമാണെന്ന് കർഷകരുടെ യോഗം ആരോപിച്ചു.
1986ൽ സ്പൈസസ് ബോർഡ് രൂപവത്കരിക്കുന്നതുവരെ കാർഡമം ബോർഡിനായിരുന്നു ഏലത്തിന്റെ ചുമതല. ഇക്കാലയളവിൽ രാജ്യത്തെ ഏലം ഉൽപാദനത്തിന്റെ 80ശതമാനവും കയറ്റി അയച്ചിരുന്നു. ഉൽപാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ഏലത്തിന് കുറഞ്ഞത് 3000 രൂപ തറവിലയായി നിശ്ചയിക്കുക, ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കുക. ഏലം കയറ്റി അയക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. വിൻസ് ജോസഫ്, ഡിപിൻ പൊന്നപ്പൻ, ജയിംസ് പ്ലാത്തോട്ടത്തിൽ, പി. ഋഷി, സുധീഷ് മാത്യു, യു.എൻ. പ്രസാദ്, ബിനോയി ചാക്കോ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.