ശ്രീകണ്ഠപുരം: പതിവായുള്ള വിളനാശവും വിലക്കുറവുമെല്ലാം കരിനിഴൽ വീഴ്ത്തിയ കർഷക സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ പൂക്കളുമായി കശുവണ്ടിക്കാലം. രണ്ടുവർഷം ലോക്ഡൗണിൽ കുടുങ്ങി വില്പന പോലും മുടങ്ങിപ്പോയതിന്റെ സങ്കടമകലുമെന്ന കരുതലിലാണ് ഇത്തവണ കശുവണ്ടി കർഷകർ. വിലയുണ്ടായിട്ടും വിളവില്ലാത്തതിന്റെയും ഉൽപാദനം കൂടിയപ്പോൾ വിലയിടിവുണ്ടായതിന്റെയും ദുരിതമനുഭവിച്ച കശുവണ്ടി കർഷകർക്ക് നിലവിലെ സീസൺ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. തിങ്കളാഴ്ച കശുവണ്ടിക്ക് കിലോക്ക് 110 രൂപയാണ് വില ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊല്ലത്തേക്ക് ആദ്യ ലോഡ് കയറ്റിയത് കഴിഞ്ഞ ദിവസമാണ്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാണുള്ളത്. ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷകർക്ക് നേട്ടമാകും. റബറും കുരുമുളകും ഉൾപ്പെടെ കർഷക പ്രതീക്ഷക്ക് മങ്ങലേൽപിച്ചതിനാൽ കശുവണ്ടി ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കർകണക്കിന് കശുവണ്ടിത്തോട്ടങ്ങൾ ഇത്തവണയും കർഷകർ പാട്ടത്തിനെടുത്തിട്ടുണ്ട്.
മുൻകാലങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായിരുന്നു. 100 രൂപ ലഭിച്ചിരുന്ന വർഷങ്ങളിൽ സീസൺ പകുതിയായപ്പോൾ 90 മുതൽ 50 വരെ മാത്രമായി കശുവണ്ടി വിലയിടിഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് കടകൾ തുറക്കാത്തതിനാൽ ആഴ്ചകളോളം കശുവണ്ടി വീടുകളിലും തോട്ടങ്ങളിലും കൂട്ടിയിടേണ്ടിവന്നു. ഏറെ വൈകി സഹകരണ ബാങ്കുകൾ മുഖേന കശുവണ്ടി സംഭരണത്തിന് സർക്കാർ തയാറായെങ്കിലും നാമമാത്ര വിലയാണ് ലഭ്യമാക്കിയത്. പലപ്പോഴും മൊത്ത കച്ചവട ലോബിയുടെ കളികളാണ് വിലയിടിവ് ഉണ്ടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെനിന്നും കയറ്റിയയക്കുന്ന കശുവണ്ടിപ്പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്.
50 ഗ്രാം കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ 40 മുതൽ 60 രൂപ വരെ വിലയീടാക്കുന്നുണ്ട്. ഒന്നാം തരം കശുവണ്ടിപ്പരിപ്പിന് കിലോക്ക് 1000 രൂപയിലധികവും രണ്ടാം തരത്തിന് 820 രൂപയുമാണ് വില. എന്നാൽ, കർഷകൻ വില്ക്കുന്ന കശുവണ്ടിക്ക് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുകയാണ്.
വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടിട്ടും കശുവണ്ടിക്ക് വിലസ്ഥിരതയില്ലാത്തതും സർക്കാർ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാത്തതും സ്വകാര്യ കശുവണ്ടി ശേഖരണ ലോബികൾക്ക് ഗുണകരമാവുകയും കർഷകർക്ക് തിരിച്ചടിയാവുകയും ചെയ്തു. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിലേക്ക് എത്തേണ്ടുന്ന ഗുണനിലവാരമുള്ള കശുവണ്ടിപോലും മറുനാടൻ കച്ചവട സംഘങ്ങൾ സ്വന്തമാക്കുന്ന സ്ഥിതിയുണ്ട്.
കി.ഗ്രാമിന് 150 രൂപ വരെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നു. പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരുംവരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷകദുരിതങ്ങൾക്ക് ഒരുപരിധി വരെ ശമനമാകുമെന്നാണ് കരുതുന്നത്.
തോട്ടങ്ങളിൽ മികച്ച രീതിയിൽ പൂവും കശുവണ്ടിയും വിരിഞ്ഞിട്ടുണ്ട്. കൂടുതൽ വന്നിട്ടില്ലെങ്കിലും മികച്ചയിനം കശുവണ്ടിയാണ് ആദ്യം ലഭിച്ചതെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു. കാലാവസ്ഥ വ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ നല്ല കശുവണ്ടി ഉൽപാദനം നടക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.