ചാത്തന്നൂർ: ചിറക്കരയിലെയും പരിസരപ്രദേശങ്ങളിലെയും കർഷകർക്ക് ആവേശവും ആഹ്ലാദവും പകർന്ന് മരമടിയും ഏലായിലെ വിത്തുവിതയും. തരിശുകിടന്ന അമ്പതേക്കറോളം പാടത്ത് ചിറക്കര സർവിസ് സഹകരണ ബാങ്ക് നെൽകൃഷി നടത്തുന്നതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മരമടി സംഘടിപ്പിച്ചത്. 14 ജോടി ഉരുക്കൾ പങ്കെടുത്തു.
കഴിഞ്ഞവർഷം കാർഷികോത്സവത്തോടനുബന്ധിച്ച് ചിറക്കര ഏലായിൽ മരമടി മത്സരം സംഘടിപ്പിച്ചിരുന്നു. എന്നാൽ, നിയമപ്രശ്നങ്ങൾമൂലം മത്സരം നടത്താൻ കഴിയാതെ കർഷകരും കായികപ്രേമികളും നിരാശരായിരുന്നു. സംഘാടക സമിതി ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. തുടർന്നാണ് ഇപ്പോൾ പ്രദർശന മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി കൺവീനർ എസ്. വിനുകുമാർ പറഞ്ഞു.
കാർഷികോത്സവപ്പൊലിമയിലാണ് ചിറക്കര ഏലായിൽ വിത്തുവിതച്ചത്. ചിറക്കര സർവിസ് സഹകരണ ബാങ്ക് നിലം പാട്ടത്തിനെടുത്താണ് നെൽകൃഷി ആരംഭിച്ചത്. തരിശുനിലങ്ങളിൽ നെൽകൃഷി പദ്ധതി പ്രകാരം ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കൃഷി.
അതിനിടെ, ഉദ്ഘാടന ചടങ്ങ് സി.പി.ഐ ബഹിഷ്കരിച്ചത് പുന്നെല്ലിൽ കല്ലുകടിയായി. ഒപ്പം, സി.പി.എം-സി.പി.ഐ പോര് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നു.
സ്ഥലവാസി കൂടിയായ ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിനെയും സി.പി.എമ്മിൽ നിന്ന് കൂറുമാറി കോൺഗ്രസ് പക്ഷത്ത് ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായ ടി.ആർ. സജിലെയയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ജില്ല പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയായതിനാൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷിനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഇവരെല്ലാം ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ചു. കോൺഗ്രസുകാരും പങ്കെടുത്തില്ല.
ജില്ല ലൈവ് സ്റ്റോക്ക് ആൻഡ് കൾചറൽ പ്രൊസീജിയേഴ്സ് ആൻഡ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എസ്. രാജേന്ദ്രൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. അപ്പുക്കുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കൺവീനർ എസ്. വിനുകുമാർ, ജില്ല പഞ്ചായത്തംഗം ആശാദേവി, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, ജില്ല മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷൈൻകുമാർ, കൃഷി ഓഫിസർ അഞ്ജു എന്നിവർ സംസാരിച്ചു. കൊല്ലം ഡെപ്യൂട്ടി കലക്ടർ നിർമൽ കുമാർ, ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.