പയ്യന്നൂർ: മഴയൊഴിഞ്ഞ കർക്കടകം തകർത്തെറിഞ്ഞത് വയോധികനായ കർഷകന്റെ സ്വപ്നങ്ങൾ. പച്ചക്കറി കൃഷിയിലൂടെയുള്ള വരുമാനമാണ് കാലാവസ്ഥാമാറ്റം ഇല്ലാതാക്കിയത്. പേരൂൽ പടിഞ്ഞാറേക്കര സ്കൂളിനു സമീപത്തെ 72കാരനായ കൊഴുമ്മൽ ഗോവിന്ദന്റെ മഴക്കാല പച്ചക്കറി കൃഷിയാണ് കാലാവസ്ഥാ വ്യതിയാനം മൂലം പൂർണമായും നശിച്ചത്. പേരൂൽ കിഴക്കേക്കരയിൽ തറവാട്ടു വക സ്ഥലത്താണ് കൃഷി ചെയ്തത്. ഒരേക്കറിലധികം സ്ഥലത്ത് പാവക്ക, വെള്ളരി, വഴുതിന, പയർ എന്നീ പച്ചക്കറികൾ നട്ടിരുന്നു. വൈകിയെത്തിയ മഴയാരംഭത്തിലാണ് കൃഷിയിറക്കിയത്. നല്ല രീതിയിൽ മുളച്ചു വരികയും ചെയ്തു.
എന്നാൽ പൂവിടാനാവുമ്പോഴേക്കും മഴ ചതിച്ചു. ഒരു മാസത്തിലധികം മഴ മാറി നിന്നതാണ് തിരിച്ചടിയായത്. മഴ മാറിയെന്നു മാത്രമല്ല, കനത്ത വെയിലു കൂടിയായതോടെ നാശം പൂർണമായി. ജലസേചന സൗകര്യമില്ലാത്തിടത്താണ് കൃഷി. അതിനാൽ, അധ്വാനഫലം വാടിക്കരിയുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. മുൻ വർഷങ്ങളിലും ഇതേ സ്ഥലത്ത് കൃഷിയിറക്കി വൻ വിജയം കൊയ്തിരുന്നു ഈ കർഷകൻ. കാലവർഷം ചതിക്കുന്നത് പതിവായതിനാൽ മൺസൂൺ ആശ്രയിച്ച് കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് ഗോവിന്ദൻ പറയുന്നു.
വിത്ത്, വളം തുടങ്ങിയവക്കായി 30,000ത്തോളം രൂപ ചെലവഴിച്ചിരുന്നു. ഇതിനു പുറമെ രണ്ടു മാസത്തെ അധ്വാനവും വിഫലം. പച്ചക്കറിക്കു പുറമെ 1000 മൂട് കപ്പനട്ടിരുന്നു. മഴ മാറിയതോടെ ഒന്നു പോലും കിളിർത്തില്ല. ഈ അദ്ധ്വാനവും വെള്ളത്തിലായി. ഓണക്കാല വ്യാപാരം ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലി കൃഷിയും ഇക്കുറി ചതിച്ചതായി ഗോവിന്ദൻ പറഞ്ഞു.
വടക്കൻ കേരളത്തിൽ ഭൂരിഭാഗം കർഷകരുടെയും അവസ്ഥ ഇതുതന്നെ. നൂറു കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഉണങ്ങി നശിച്ചത്. നെൽവയലുകളുടെ സ്ഥിതിയും ഭിന്നമല്ല. മഴ വൈകിയതു കാരണം കൃഷിയിറക്കാനും വൈകി. കൃഷിയിറക്കിയ ഉടൻ മഴ മാറുകയും ചെയ്തു. മിക്കയിടത്തും ഒന്നാം വിള, കര നെൽകൃഷി ഇക്കുറി പേരിനു പോലും വിളവെടുക്കാൻ ഇല്ലാത്ത സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.