തിരൂർ: നാളികേര വിലയിടിവിനിടെ പ്രതിസന്ധിയുടെ നടുവിലായ കർഷകർക്ക് ഓണം എത്തിയിട്ടും വിൽപന നടത്തിയ തേങ്ങയുടെ വില ലഭിക്കാത്തത് ഇരുട്ടടിയായി. മംഗലം കേരകർഷക ഫെഡറേഷൻ വഴി നൽകിയ നാളികേരത്തിന്റെ മൂന്ന് മാസത്തെ കുടിശ്ശിക തുക ഇതുവരെ ലഭിച്ചിട്ടില്ല.
മംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും മംഗലം കേരകർഷക ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേന്നരയിൽ കേരഫെഡ് നടത്തുന്ന പച്ചത്തേങ്ങ സംഭരണം ഒരുവർഷം പിന്നിട്ടിട്ടുണ്ട്. 2022 ആഗസ്റ്റ് 25ന് തുടങ്ങിയ സംഭരണം 1161 കർഷകരിൽനിന്ന് 458 ടൺ നാളികേരങ്ങളാണ് സംഭരിച്ചത്.
ഇതുവഴി ഒന്നര കോടിയിൽപരം രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. പൊതുമാർക്കറ്റിൽ 24 രൂപയുള്ളപ്പോഴാണ് 34 രൂപക്ക് പച്ചത്തേങ്ങ സംഭരിക്കുന്നത്. പക്ഷേ കർഷകർക്ക് മൂന്ന് മാസത്തെ തുകയും ഫെഡറേഷന് ലഭിക്കേണ്ടതായ കൈകാര്യ തുക 10 മാസത്തെയും ഇനിയും കുടിശ്ശികയാണ്.
ഓണത്തിന് മുമ്പ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കൃത്യമായി പണം ലഭിക്കാത്തതിനാൽ വെട്ടം പഞ്ചായത്തിലെ ഏജൻസി അടക്കം പലരും സംഭരണം നിർത്തി. ഇതുമൂലം മംഗലം കേരകർഷക ഫെഡറേഷനിൽ ഡിസംബർ 31 വരെ മുൻകൂർ ബുക്കിങും കഴിഞ്ഞു. ഒരു നിശ്ചിത എണ്ണം നാളികേരം മാത്രമാണ് കർഷകരിൽനിന്നും സംഭരണവിലയായ 34 രൂപക്ക് എടുക്കുന്നത്. ഇതും കർഷകരിൽ വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ബാക്കിവരുന്ന നാളികേരം ഫെഡറേഷൻ മാർക്കറ്റ് വിലക്ക് എടുക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസമാണ്.
കുടിശ്ശിക തുക യഥാസമയം കൊടുത്ത് തീർക്കാതിരുന്നാൽ പാവപ്പെട്ട കർഷകരും സംഭരണ ഏജൻസിയും ഒരേ പോലെ പ്രതിസന്ധിയിലാകുമെന്നും ഇത് സമ്പന്നരായ കർഷകർക്കെ പ്രയോജനം ചെയ്യുകയുള്ളുവെന്നും മംഗലം കേരകർഷക ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മംഗലം കേരകർഷക ഫെഡറേഷൻ സെക്രട്ടറിയുമായ ഇബ്രാഹിം ചേന്നര, കൃഷി ഭവൻ ഉേദ്യാഗസ്ഥരായ പി. ശരണ്യ, എ.വി. ലത്തീഫ്, ഷബ്ന ഫെഡറേഷൻ ഭാരവാഹികളായ കെ.കെ. മുഹമ്മദലി, വി.വി. ഗോപിനാഥൻ, വി.വി. വിശ്വനാഥൻ, കെ.പി. മേഘനാഥൻ, വി.പി. മൊയ്തീൻ കോയ, ഉസ്മാൻ കോയ, ആർ. മുഹമ്മദ്, എം. രമ്യ എന്നിവരാണ് സംഭരണത്തിന് നേതൃത്വം നൽകുന്നത്. ബുക്കിങ് നമ്പർ: 9961287201, 9447881791.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.