തെങ്ങിൻതൈ നട്ട് നനമാത്രം നൽകിയാൽ നല്ല വിളവ് ലഭിക്കില്ല. ശരിയായ പരിചരണം കൊണ്ടുമാത്രമേ കേര ഉൽപാദനം വർധിപ്പിക്കാൻ സാധിക്കൂ. രാസ-ജൈവ വളങ്ങൾ ഉൾപ്പെടുത്തിയുള്ള സംയോജിത വളപ്രയോഗ രീതി തെങ്ങിന്റെ സുസ്ഥിര വിളവിനും ഉയർന്ന ആദായത്തിനും സഹായിക്കും.
തെങ്ങിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള മൂലകമാണ് പൊട്ടാഷ്. കട്ടികൂടിയ കാമ്പ്, കൂടുതൽ കൊപ്ര, കൂടുതൽ മച്ചിങ്ങപിടിത്തം, രോഗപ്രതിരോധ ശേഷി, വരൾച്ചയെ അതിജീവിക്കാനുള്ള കരുത്ത് എന്നിവക്ക് തെങ്ങിന് ആവശ്യത്തിന് പൊട്ടാഷ് ലഭിക്കണം. മഴ തുടരുന്നതിനാൽ ഈ സമയത്ത് തെങ്ങിന് വളം നൽകാം. സങ്കരയിനങ്ങൾക്കും ഉൽപാദന ശേഷിയുള്ള മറ്റിനങ്ങൾക്കും 370 ഗ്രാം യൂറിയ, 530 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 670 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളം നൽകാം. ചെന്നീരൊലിപ്പ് കാണുന്ന തെങ്ങിന് അഞ്ചു കിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് നന്നാകും. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി അവിടെ ഉരുക്കിയ ടാറോ ബോർഡോ കുഴമ്പോ തേയ്ക്കണം. ട്രൈകോഡെർമ ഒരു കിലോഗ്രാം, 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി മണലുമായി ചേർത്ത് തെങ്ങിന്റെ കടക്കൽ ഇട്ടുകൊടുക്കുന്നത് രോഗനിയന്ത്രണത്തിന് സാധിക്കും.
മഴമൂലം തെങ്ങിന് കൂമ്പുചീയൽ രോഗം വരാനുള്ള സാധ്യതയുണ്ട്. മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) മൂന്നു പാക്കറ്റ് വീതം ഓരോ തെങ്ങിന്റെ കൂമ്പിന് ചുറ്റും വെക്കുക. മഴ പെയ്യുമ്പോൾ മരുന്ന് കൂമ്പിലേക്ക് ഒലിച്ചിറങ്ങുന്നതുവഴി ഈ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം.
രാസവളങ്ങൾ പോലെ തന്നെ പ്രധാനമാണ് തെങ്ങിന് ജൈവവളവും. കാലിവളമോ കമ്പോസ്റ്റോ പച്ചിലവളമോ മണ്ണിര കമ്പോസ്റ്റോ ഉപയോഗിക്കാം. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തെങ്ങിനുചുറ്റും 1.8 മീറ്റർ വീതിയും 25 സെ.മീ താഴ്ചയുമുള്ള വൃത്താകാരത്തിലുള്ള തടമെടുത്ത് തെങ്ങൊന്നിന് 30 കിലോഗ്രാം വീതം പച്ചിലവളമോ 50 കിലോഗ്രാം വീതം കമ്പോസ്റ്റോ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.