മലപ്പുറം: സംസ്ഥാനത്ത് നാളികേര വില അനുദിനം കൂപ്പുകുത്തുന്നു. വിവിധ ജില്ലകളിൽ പൊളിച്ച നാളികേരത്തിന് കിലോക്ക് 24 മുതൽ 25 രൂപ വരെയാണിപ്പോൾ ലഭിക്കുന്നത്. നേരത്തെ 43 രൂപ വരെ ഉയർന്ന വിലയാണിപ്പോൾ നേർ പകുതിയോളമായി കുറഞ്ഞത്. കഴിഞ്ഞ മാസം ആദ്യം കിലേക്ക് 33 രൂപവരെ ലഭിച്ചിരുന്നു. പച്ചത്തേങ്ങക്ക് 32 രൂപയാണ് സർക്കാർ നിശ്ചയിച്ച താങ്ങുവില. ഈ വിലക്ക് പച്ചത്തേങ്ങയെടുക്കാൻ കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആകെ അഞ്ച് സംഭരണ കേന്ദ്രങ്ങൾ മാത്രമാണ് സർക്കാർ ആരംഭിച്ചത്. കൃഷിഭവനിൽ നിന്നുള്ള രസീതി ഉൾപ്പെടെ സമർപ്പിച്ചാൽ മാത്രമേ ഇവിടെ നാളികേരം എടുക്കൂ. തേങ്ങയെത്തിക്കാൻ വാഹന വാടക തന്നെ വൻതുക വേണ്ടിവരുന്നതിനാൽ അതത് ജില്ലകളിലുള്ളവർ പോലും നാളികേരം ഈ സംഭരണ കേന്ദ്രങ്ങളിലെത്തിക്കാതെ തോട്ടങ്ങളുടെ അടുത്തുള്ള പൊതുവിപണികളിൽ കിട്ടുന്ന വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്. അഞ്ച് കേന്ദ്രങ്ങൾ വഴി മാത്രമാണ് പച്ചത്തേങ്ങ സംഭരണം നടക്കുന്നതെന്നും സഹകരണ സംഘങ്ങൾ വഴിയുള്ള സംഭരണശ്രമം ഫലം കണ്ടില്ലെന്നും കേരഫെഡ് മാനേജിങ് ഡയറക്ടർ ആർ. അശോക് 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ നിയന്ത്രണത്തിൽ 105.90 രൂപക്ക് കൊപ്ര സംഭരിക്കുന്നതും അനിശ്ചിതത്വത്തിലായിട്ടുണ്ട്. കൊപ്ര സംഭരിക്കുന്നവർ വെളിച്ചെണ്ണ, നാളികേര വ്യാപാരത്തിൽ ഇടപെടരുതെന്ന നാഫെഡിന്‍റെ നിർദേശമാണ് കേരഫെഡിന് തിരിച്ചടിയായത്. കഴിഞ്ഞ വർഷം കാലാവസ്ഥ അനുകൂലമായി കൂടുതൽ മഴ ലഭിച്ചതിനാൽ ഇത്തവണ എല്ലാ ജില്ലകളിലും നാളികേര ഉൽപാദനം വലിയ തോതിൽ കൂടിയിട്ടുണ്ട്.
കിലോക്ക് 35 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ മിച്ചമായി എന്തെങ്കിലും ലഭിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഒരു തെങ്ങിൽ കയറാൻ തന്നെ 40 രൂപ കൂലി വേണം. പൊതിക്കുന്നതിന് തേങ്ങയൊന്നിന് ഒരു രൂപയും നൽകണം. പെറുക്കി കൂട്ടാനുള്ള കൂലിച്ചെലവ്, വാഹന വാടക തുടങ്ങിയവയെല്ലാം ഇതിനുപുറമെയാണ്. വില കുറയുന്നതിനാൽ കച്ചവടക്കാർ നാളികേരമെടുക്കാത്ത സ്ഥിതിയുമുണ്ട്. തമിഴ്നാട്ടിലെ കങ്കയത്തേക്ക് വെളിച്ചെണ്ണയാക്കുന്നതിനും കർണാടകയിലേക്ക് പൊടിയാക്കാനുമാണ് നാളികേരം കൂടുതലായി കയറ്റിപ്പോകുന്നത്. തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും കേരളത്തിന് തിരിച്ചടിയാണെന്ന് മാണൂരിലെ മലഞ്ചരക്ക് വ്യാപാരി പി.കെ.ജെ ട്രേഡേഴ്സിലെ പി.കെ. ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.