മുക്കം: വിലയിടിവിന്റെ ദുരിതംപേറുന്ന കേരകർഷകർക്ക് കൈത്താങ്ങായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ആരംഭിച്ച പച്ചത്തേങ്ങ സംഭരണത്തിന് മുക്കത്ത് മികച്ച പ്രതികരണം. കുറ്റിപ്പാലയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ മുഖേന ജൂൺ ആദ്യവാരത്തിലാണ് മുക്കം കൃഷിഭവൻ നാളികേര സംഭരണമാരംഭിച്ചത്.
മുക്കം നഗരസഭയിലെയും കാരശ്ശേരി പഞ്ചായത്തിലെയും കർഷകരും ചാത്തമംഗലം, തിരുമ്പാടി, ഓമശ്ശേരി ഭാഗത്തുനിന്നുള്ള ചിലരുമാണ് ഇവിടെ നാളികേരം നൽകുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലെ കണക്ക് പരിശോധിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ എറ്റവും കൂടുതൽ നാളികേരം സംഭരിച്ചത് മുക്കത്താണ്.
30.7 ടൺ നാളികേരമാണ് ഇവിടെ സംഭരിച്ചത്. അസി. കൃഷി ഓഫിസർമാരായ അബ്ദുൽ കരീം, സുബ്രഹ്മണ്യൻ എന്നിവരാണ് നാളികേര സംഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ദിവസങ്ങളിൽ നാളികേരം നൽകിയവർക്കുള്ള തുക അവരുടെ അക്കൗണ്ടിൽ നൽകിക്കഴിഞ്ഞെന്ന് കൃഷി ഓഫിസർ പറഞ്ഞു.
ഒരുകിലോ പച്ചത്തേങ്ങക്ക് 32 രൂപ നിരക്കിലാണ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇവിടെ നാളികേരസംഭരണം നടത്തുന്നത്. ഭൂമിയുടെ നികുതി അടച്ച രസീത്, ആധാർ കാർഡ്, പാസ് ബുക്ക് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ അപേക്ഷ നൽകുന്ന കർഷകർക്ക് പ്രതിവർഷം തെങ്ങൊന്നിന് ശരാശരി 50 തേങ്ങ വാർഷിക വിളവ് കണക്കാക്കി ആറു തവണയായി തേങ്ങ നൽകാമെന്നും വില കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്നും കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.