പുൽപള്ളി: കാപ്പിയുടെ വില വർധന റെക്കോഡിലേക്ക് നീങ്ങുന്നത് ജില്ലയിലെ കർഷകർക്ക് പ്രതീക്ഷയാകുന്നു. അതേസമയം, ഉൽപാദനം കുറഞ്ഞതിനാൽ വിലവർധനയുടെ ഗുണം കൂടുതൽപേരിലേക്കെത്തില്ലെന്ന നിരാശയുമുണ്ട്. വില വർധന മുന്നിൽ കണ്ട് കർഷകർ മറ്റു കൃഷികളേക്കാൾ കാപ്പികൃഷി സംരക്ഷണത്തിന് പ്രധാന്യം നൽകുകയാണ്. കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 20,000ത്തിനും 26,000ത്തിനും ഇടയിലെത്തി. ഉണ്ടക്കാപ്പി ക്വിന്റലിന് 11,800 രൂപയുമായി ഉയർന്നു.
പ്രധാന കാപ്പി ഉൽപാദക രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി വയനാട്ടിലും കർണാടകയിലും ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് നേർപകുതിയായി കുറഞ്ഞതും വിലവർധനക്ക് കാരണമായിട്ടുണ്ട്.
കുരുമുളക്, റബർ ഉൾപ്പെടെയുള്ള കൃഷികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് പലരും കാപ്പി കൃഷിയിലേക്ക് തിരിഞ്ഞത്. നിലവിൽ വയനാട്ടിൽ നല്ലൊരു പങ്ക് കർഷകരും കാപ്പിക്കൃഷിയിൽ ശ്രദ്ധിക്കുന്നുണ്ട്. റബർ തോട്ടങ്ങളിലടക്കം കാപ്പി കൃഷി ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അധികം ഉയരമില്ലാത്ത കുള്ളൻകാപ്പി ഇനങ്ങളാണ് ഇവിടങ്ങളിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. കുള്ളൻ ഇനങ്ങളിലുള്ള കാപ്പിക്കുരുവിന് വിലയും കൂടുതൽ ലഭിക്കുന്നുണ്ട്. കാപ്പി വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങളിൽ മഴപെയ്യാതെ കനത്ത മഞ്ഞിൽ പുൽപള്ളി മേഖലയിൽ ഉൾപ്പെടെ പലയിടത്തും കാപ്പി പൂത്തിട്ടുണ്ട്.
കാപ്പിക്കുരു പിടിക്കണമെങ്കിൽ നനക്കൽ ആവശ്യമാണ്. കർഷകർ സ്പ്രിംഗ്ലർ ജലസേചനവും മറ്റും നടത്തിയാണ് കൃഷി സംരക്ഷിക്കുന്നത്. വരും നാളുകളിൽ വില ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഒരു മാസത്തിനിടെ കാപ്പിപ്പരിപ്പ് ക്വിന്റലിന് 3500 രൂപയോളമാണ് വർധിച്ചത്. ഇത്തവണയും ഉൽപാദനം വയനാട്ടിലടക്കം കുറവാണ്. അതുകൊണ്ട് തന്നെ ഉയർന്ന വിലയുണ്ടെങ്കിലും അതിന്റെ ഗുണം ഇപ്പോൾ കുറഞ്ഞ കർഷകർക്ക് മാത്രമാണ് ലഭിക്കുന്നത്. കാപ്പികൃഷി നിലവിലുള്ളവർ അത് കൂടുതൽ സംരക്ഷിക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ്. വരും വർഷങ്ങളിൽ കാപ്പിക്കൃഷിയിലേക്ക് നീങ്ങുന്നത് ഗുണകരമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.