വണ്ണപ്പുറം: നിയമത്തിന്റെ നൂലാമാലകളെപ്പറ്റി അറിവില്ലാതിരുന്ന കർഷകന്റെ കാര്യം കഷ്ടത്തിൽ. പട്ടയഭൂമിയിൽ നട്ടുപരിപാലിച്ച് വളർത്തിയ തേക്ക് മരം മുറിക്കാൻ വനം വകുപ്പിൽനിന്ന് കട്ടിങ് പെർമിറ്റ് വാങ്ങണമെന്ന് അറിവില്ലാതിരുന്നതാണ് ഇവർക്ക് വിനയായത്. ഇത്തരത്തിൽ നിരവധി കർഷകരുടെ മുറിച്ചിട്ട തടികളാണ് പുരയിടത്തിൽ കിടന്ന് നശിക്കുന്നത്. മരം മുറിച്ചതോടെ വനപാലകരെത്തി മരം നീക്കം ചെയ്യുന്നത് തടഞ്ഞു. ഇനിയിപ്പോൾ എന്ത് എന്ന് ചോദിച്ചാൽ അവ്യക്ത മാത്രം ബാക്കി.
പട്ടയഭൂമിക്ക് സമീപം അല്പം വനം ഉണ്ടായാൽ പെട്ടതുതന്നെ. കർഷക വിരുദ്ധ മനസ്സുള്ള വനം, റവന്യൂ ഉദ്യോഗസ്ഥരാണ് പ്രദേശത്തെ ജോലിക്കാരെങ്കിൽ പിന്നെ ആലോചിക്കുകയും വേണ്ട. നിയമങ്ങൾ കർഷകർക്ക് അനുകൂലമായി മാറ്റുകയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം. എന്നാൽ, കർഷകരെ ബാധിക്കുന്ന നിയമങ്ങൾ വനം, റവന്യൂ വകുപ്പുകൾ നിർമിക്കുമ്പോൾ സമിതിയിൽ കർഷകരുടെ പ്രതിനിധികൾ ഉണ്ടാകാറില്ല. ഇതാണ് ഇത്തരം കർഷക വിരുദ്ധ നിയമങ്ങൾ ഉണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നത്. പുതിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഇതിന് മാറ്റം ഉണ്ടാകണം എന്നാണ് കർഷകരുടെ ആവശ്യം.
വനപ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ സംരക്ഷിത മരം മുറിക്കണമെങ്കിൽ പെടാപ്പാടുതന്നെ. കട്ടിങ് പെർമിറ്റ് കിട്ടാൻ റേഞ്ച് ഓഫിസർക്ക് അപേക്ഷ നൽകണം. ഇത് പട്ടയ ഭൂമിയിൽ നിൽക്കുന്നതാണെന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണം. ഇത് കിട്ടിയാൽ പിന്നീട് ട്രാൻസിറ്റ് പെർമിറ്റിന് വീണ്ടും റേഞ്ച് ഓഫിസർക്ക് അപേക്ഷ നൽകണം. അവിടെനിന്ന് ട്രാൻസിറ്റ് പെർമിറ്റ് വാങ്ങി നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ മുറിച്ചുകൊണ്ടുപോകണം. ഈ വ്യവസ്ഥകൾ പൂർത്തിയാക്കാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വേണ്ടിവരുന്നതായി കർഷകർ പറയുന്നു. ഇതുമൂലം വീട് പണിയാനോ വിദ്യാർഥികളുടെ പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി മരം വിൽക്കാൻ കർഷകർക്ക് കഴിയുന്നില്ല. വനത്തിൽനിന്നുള്ളതല്ല മുറിക്കുന്ന മരമെന്ന് ഉറപ്പിക്കാനാണ് നിയമം. എന്നാൽ, നിയമംമൂലം പട്ടയ ഭൂമിയിലേക്ക് കടന്നുകയറാൻ വനം ഉദ്യോഗസ്ഥർക്ക് യഥേഷ്ടം സാധിക്കുന്നു എന്നാണ് ആക്ഷേപം. നിയമത്തിന്റെ പഴുതിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപക പരാതി. ഇത്തരത്തിൽ മുറിച്ചിട്ട മരം കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് വണ്ണപ്പുറം നെയ്യശ്ശേരി വില്ലേജിലെ നിരവധി കർഷകരാണ്. വനം അടുത്തുണ്ടെങ്കിലും മറ്റ് വില്ലേജുകളിൽ ഇത്തരം തടസ്സം ഇല്ല.
മരം മുറിക്കാൻ വനം റവന്യൂ ഉദ്യോഗസ്ഥർക്ക് പടി നൽകിയില്ലെങ്കിൽ അപേക്ഷ ഓഫിസിന്റെ പടിക്ക് പുറത്ത്. കർഷകൻ നേരിട്ട് നൽകുന്ന അപേക്ഷകൾ അനന്തമായി വൈകിക്കുകയും ചില തടിക്കച്ചവടക്കാർ നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനം ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ സംരക്ഷിത വിഭാഗത്തിൽപെട്ട തേക്ക് മുറിച്ചുകൊണ്ട് പോകുന്നതും പതിവാണെന്നും ആക്ഷേപം. ഇത് അന്വേഷിക്കാൻ സർക്കാർ തയാറാകണം എന്നും ആവശ്യം ഉയരുന്നുണ്ട്.
വണ്ണപ്പുറം നെയ്യശ്ശേരി വില്ലേജിലെ കർഷകരും തടികയറ്റു തൊഴിലാളികളും തടികൊണ്ടുപോയിരുന്ന വാഹന ഉടമകളുമാണ് കടുത്ത പ്രതിസന്ധിയിൽ ആയത്. കർഷന് മരം വിൽക്കാൻ കഴിയുന്നില്ല. ഇതോടെ തടിപ്പണിക്കാർക്ക് ജോലി നഷ്ടമായി. തടിക്കയറ്റി കൊണ്ടുപോകാൻ കഴിയാത്തതിനാൽ വാഹന ഉടമകൾ പലരും വാഹനങ്ങൾ വിറ്റു. ഫർണിച്ചർ വ്യാപാരികൾ നാട്ടിൽനിന്ന് തടി വാങ്ങുന്നത് നിർത്തി മറ്റു വില്ലേജുകളിലേക്ക് പോയി. പ്രതിസന്ധി രൂക്ഷമായിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് നാട്ടുകാർ പരാതി പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.