പന്തളം: തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം താറാവ് കർഷകരെ ദുരിതത്തിലാക്കുന്നു. പന്തളം നഗരസഭയുടെ പടിഞ്ഞാറ് മേഖലയിൽ കരിങ്ങാലി പുഞ്ചയിൽ വർഷങ്ങളായി താറാവ് കൃഷി നടത്തുന്ന കർഷകർ വെള്ളപ്പൊക്കം മൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഈ വർഷം തന്നെ മൂന്നുതവണയാണ് വെള്ളം കയറിയത്.
അയ്യായിരത്തിലേറെ താറാവാണ് പന്തളം മന്നം ആയുർവേദ കോളജിനുസമീപത്തെ കരിങ്ങാലി പാടശേഖരത്തിൽ കർഷകർക്കുള്ളത്. പന്തളം മങ്ങാരം തെക്കേവിള പടിഞ്ഞാറ്റേതിൽ ബേബി ജോർജും തിരുവല്ല ചാത്തങ്കരി മഞ്ഞപ്പള്ളി വീട്ടിൽ എബി മാത്യു എന്നിവരാണ് വർഷങ്ങളായി ഇവിടെ താറാവ് കൃഷി നടത്തുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ ആയിരത്തിലേറെ താറാവുകൾ ഒഴുകിപ്പോയി. സർക്കാർ നഷ്ടപരിഹാരമായി 5000 രൂപ മാത്രം നൽകി. മാവേലിക്കര, ചെന്നിത്തലയിൽ നിന്നുമാണ് 30 ദിവസം പ്രായമുള്ള താറാവുകുഞ്ഞുങ്ങളെ 23 രൂപ നിരക്കിൽ വാങ്ങി വളർത്തുന്നത്. ഇപ്പോൾ രണ്ടുമാസം വളർച്ചയേയെത്തിട്ടുള്ളൂ. ക്രിസ്മസിന് കച്ചവടം ലക്ഷ്യമാക്കിയാണ് ഇറച്ചി താറാവുകളെ കൃഷി ചെയ്യുന്നത്.
തീറ്റ ഇല്ലാത്തതിനാൽ ഇവർക്ക് താറാവിനെ കുട്ടനാട്ടിൽ എത്തിച്ചാണ് തീറ്റ് നൽകുന്നത്. ദിവസവും 8000 രൂപയോളം താറാവിന് തീറ്റ നൽകുന്നതിന് വേണ്ടിവരും. ദിവസവും അരിയും ഗോതമ്പും തീറ്റയായി നൽകേണ്ടതുണ്ട്. നാലു വള്ളങ്ങളിലായി തൊഴിലാളികളെ നിർത്തിയാണ് പാടശേഖരത്തിൽ താറാവിനെ വളർത്തുന്നത്. കഴിഞ്ഞ മൂന്ന് പ്രളയത്തിലും നഷ്ടം മാത്രമാണ് ഇവർക്ക് സംഭവിച്ചത്. സർക്കാർ താറാവ് കർഷകരെ പരിഗണിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.