കട്ടപ്പന: സ്പൈസസ് ബോർഡിന്റെ അംഗീകൃത ലേലത്തിന് ബദലായി സ്വകാര്യ ലേല ഏജൻസികളുടെ ചട്ടവിരുദ്ധ ലേലം. ഇതേ തുടർന്ന് വില കുറയുമെന്ന ഭീതിയിൽ വിൽപനക്കുവെച്ച 10,000 കിലോ ഏലക്ക കർഷകർ പിൻവലിച്ചു.
സ്പൈസസ് ബോർഡിന്റെ ഏലക്ക ഓൺലൈൻ ലേലത്തിനു ബദലായി രണ്ട് സ്വകാര്യ ലേല ഏജൻസികൾ ഒരു ദിവസംതന്നെ ലേലം നടത്തിയതോടെ ഒരുദിവസം നാല് ലേലം നടന്നു. കേരളത്തിലും തമിഴ്നാട്ടിലുമായാണ് നാല് ലേലവും നടന്നത്. ഇതിൽ രണ്ട് ലേലം സ്പൈസസ് ബോർഡ് അംഗീകൃത ലേല ഏജൻസികൾ നടത്തിയപ്പോൾ രണ്ടെണ്ണം സ്വകാര്യ ലേല ഏജൻസികൾ തമിഴ്നാട്ടിലും നടത്തി.
നാല് കേന്ദ്രങ്ങളിലായി നടത്തിയ ഏലക്ക ലേലത്തിൽ വ്യാപാരികളുടെ സാന്നിധ്യക്കുറവു മൂലം കർഷകർക്ക് അർഹമായ വില കിട്ടിയില്ല. ഈ സാഹചര്യം മുന്നിൽക്കണ്ട് സ്പൈസസ് ബോർഡ് അംഗീകൃത ലേല ഏജൻസിയായ സ്പൈസസ് മോർ ട്രേഡിങ് കമ്പനിയുടെ ലേലത്തിന് ഏലക്ക പതിച്ച കർഷകർ വില കുറയുമെന്ന ഭീതിയിൽ 10,000 കിലോ ഏലക്ക പിൻവലിക്കുകയായിരുന്നു.
സ്പൈസസ് മോർ ട്രേഡിങ് കമ്പനി വെള്ളിയാഴ്ച നടത്തിയ ലേലത്തിൽ വിൽപനക്കായി കർഷകർ 14,830.300 കിലോ ഏലക്ക പതിച്ചിരുന്നു. ഇതിൽ 4237.300 കിലോ മാത്രമാണ് വിറ്റുപോയത്. വില കുറയുമെന്ന ഭീതിയിൽ 10,593 കിലോ ഏലക്ക കർഷകർ വിൽക്കാതെ പിൻവലിച്ചു. ഈ ലേലത്തിൽ കർഷകർക്ക് ലഭിച്ച കൂടിയ വില 1258 രൂപയും ശരാശരി വില 744 രൂപയും മാത്രമാണ്. അതേ ദിവസം നടന്ന അംഗീകൃത ഏജൻസിയായ മാസിന്റെ ലേലത്തിൽ 65,059.900 കിലോ വിൽപനക്കായി പതിച്ചതിൽ 60,762 കിലോ മാത്രമാണ് വിറ്റുപോയത്. കൂടിയ വില 1512 രൂപയും ശരാശരി വില 882.38 രൂപയും ലഭിച്ചു.
സ്വകാര്യ ഏജൻസിയായ ഇ.സി.ടി.സിയുടെ ലേലത്തിൽ 44,678.700 കിലോ വിൽപനക്കായി പതിച്ചതിൽ 43,907.500 വിറ്റുപോയി. കൂടിയ വില 1398 രൂപയും ശരാശരി വില 913 രൂപയും കിട്ടി. മറ്റൊരു സ്വകാര്യ ഏജൻസിയായ ജെ.പി.സിയുടെ ലേലത്തിൽ 51,617കിലോ വിൽപനക്കായി പതിച്ചതിൽ എത്ര വിറ്റുപോയി എന്ന് കമ്പനി വ്യക്തമാക്കിയില്ല. വില കുറയുമെന്ന ഭീതിയിൽ കൂടുതൽ കർഷകർ അവരുടെ ഏലക്ക ലേലത്തിൽനിന്ന് പിൻവലിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. ഈ ലേലത്തിൽ കൂടിയ വില 1196 രൂപയും ശരാശരി വില 811.98 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്.
പിടിച്ചുനിൽക്കാനാകാതെ കർഷകർ
മൂന്ന് വർഷം മുമ്പ് ഏലക്കയുടെ വില 3000ത്തിന് മുകളിൽ ശരാശരി എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ശരാശരി വില 900 രൂപയിൽ താഴെയാണ് ലഭിക്കുന്നത്.
ഉൽപാദനച്ചെലവ് ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിൽ 1000 രൂപക്ക് മുകളിൽ വില കിട്ടിയില്ലെങ്കിൽ കർഷകന് പിടിച്ചുനിൽക്കാൻ കഴിയില്ല. വളം, കീടനാശിനി എന്നിവയുടെ വില അനുദിനം വർധിക്കുയാണ്. തൊഴിലാളികളുടെ കൂലി വർധനയും മറ്റ് ഇതര ചെലവുകളും ക്രമാതീതമായി വർധിച്ചു.
സ്പൈസസ് ബോർഡ് കളർ ചേർത്ത ഏലക്ക ഓൺലൈൻ ലേലത്തിൽ പതിക്കുന്നതിനെതിരെ നടപടി കർശനമാക്കിയതോടെ സ്വകാര്യ ലേല ഏജൻസികളിലൂടെ കളർ ചേർത്ത ഏലക്ക വിറ്റഴിക്കുന്നതായി പരാതി ഉർന്നിട്ടുണ്ട്. ഏലത്തിന്റ വില ഉയർത്താൻ സ്പൈസസ് ബോർഡ് നടത്തുന്ന നീക്കങ്ങൾക്കും ഇത് വിനയായി.
പുറ്റടി സ്പൈസസ് പാർക്കിലും ബോഡിനായ്ക്കന്നൂരിലുമാണ് സ്പൈസസ് ബോർഡിന്റെ ഏലക്ക ഓൺലൈൻ ലേലം നടക്കുന്നത്. പുറ്റടിയിൽ ലേലത്തിനു പതിയുന്ന എലക്കയുടെ സാമ്പിൾ സ്പൈസസ് ബോർഡ് ശേഖരിച്ച് അതിന്റെ നിലവാരം പരിശോധിക്കും. ഏലക്കയിൽ കളർ ചേർന്നതായി സംശയം തോന്നിയാൽ സാമ്പിൾ ഏലക്കയിൽ കുറച്ചു ചൂടുവെള്ളത്തിൽ ഇട്ട് അൽപസമയം കഴിഞ്ഞു വെള്ളത്തിൽ കളർ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വെള്ളത്തിൽ കളർ കലർന്നതായി പരിശോധയിൽ ബോധ്യപ്പെട്ടാൽ ലേലത്തിനു പതിച്ച ആ ലോട്ടിലെ ഏലക്ക മുഴുവൻ ലേലത്തിൽനിന്ന് പിൻവലിക്കും. ഇങ്ങനെ നിരവധി ലോട്ട് ഏലക്കയാണ് ഓൺലൈൻ ലേലത്തിൽനിന്ന് പിൻവലിക്കപ്പെടുന്നത്. കളർ ചേർത്ത ഏലക്കയുടെ ഉടമക്ക് സ്പൈസസ് ബോർഡ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുകയും ചെയ്യും. ഇതോടെ സ്പൈസസ് ബോർഡിന്റെ ലേലത്തിലൂടെ വിൽക്കാൻ കഴിയാതെ വരുന്ന ഏലക്ക സ്വകാര്യ ഓൺലൈൻ ലേലത്തിലൂടെയും കൈവിലക്കാരിലൂടെയും വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഏലത്തിന്റെ വിലയിടിയാൻ സാധ്യത കൂടുതലാണ്.
പുറ്റടിയിൽ സ്പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലം നടക്കുന്ന അതേ സമയത്തുതന്നെയാണ് ബോഡിയിലും ലേലം നടക്കുന്നത്. പുറ്റടിയിൽ ഏതെങ്കിലും ലോട്ടിൽ കളർ ചേർത്തതായി കണ്ടെത്തിയാൽ ആ ലോട്ട് നമ്പർ ബോഡിയിലെ ലേലത്തിൽ വിൽക്കുന്നത് സ്പൈസസ് ബോർഡ് നിരോധിക്കും. ഇതോടെ കളർ ചേർന്ന ലോട്ട് രണ്ട് സ്ഥലത്തുനിന്നും പിൻവലിക്കും. ഇത് മൂലം കളർ ചേർത്ത ഏലക്ക സ്പൈസസ് ബോർഡിന്റെ പുറ്റടിയിലെ ലേലത്തിലൂടെയോ, ബോഡിയിലെ ലേലത്തിലൂടെയോ വിൽക്കാനാകാത്ത അവസ്ഥ ഉണ്ടായതോടെ ഗുണനിലവാരം ഉയർന്ന ഏലക്ക മാത്രമേ സ്പൈസസ് ബോർഡിലൂടെ വിറ്റഴിക്കാൻ സാധിക്കൂ എന്ന സ്ഥിതി ഉണ്ടായി. ഇത് ഏലത്തിന്റ വില ഉയരാനും സഹായിച്ചു.
സ്പൈസസ് ബോർഡിന്റെ ലേലത്തിൽ നിരോധിച്ച ഏലക്ക സ്വകാര്യ ഓൺലൈൻ ലേലത്തിലൂടെ വീണ്ടും ലേലത്തിനു പതിച്ചു വിറ്റഴിക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെയുള്ള ഏലക്ക സ്വകാര്യ ഓൺലൈൻ ലേലത്തിലൂടെ വ്യാപകമായി വിറ്റഴിയുന്നുണ്ട്. ഈ ഏലക്ക ഉത്തരേന്ത്യൻ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നല്ല ഏലക്കയുമായി കൂട്ടിക്കലർത്തിയാണ് കൊള്ളലാഭം നേടുന്നത്. ഇതും ഏലത്തിന്റ വിലയിടിവിന് പ്രധാന കാരണമാണ്.
വിലയിടിവിന് കാരണം കൂട്ടലേലം
ഒരു ദിവസംതന്നെ നാല് ലേല ഏജൻസികൾ ഏലക്ക ലേലം നടത്തിയതാണ് വില തകർച്ചക്ക് കാരണമായതെന്ന് കർഷകർ ആരോപിക്കുന്നു. സ്പൈസസ് ബോർഡിന്റെ അംഗീകൃത ലേല ഏജൻസികളുടെയും ചെറുകിട, വൻകിട ഏലക്കർഷകരുടെയും വിവിധ രാഷ്ട്രീയ തൊഴിൽ സംഘടനയുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ഒരുദിവസം രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് ലേല ഏജൻസികൾക്ക് മാത്രമേ ഏലക്ക ലേലം നടത്താനാവൂ എന്ന് ധാരണ ഉണ്ടാക്കിയിട്ടുള്ളതാണ്.
ഇരുസംസ്ഥാനത്തുനിന്നും നൂറിൽ താഴെ അംഗീകൃത ഏലക്ക വ്യാപാരികൾ മാത്രമാണ് ഓരോ ലേലത്തിലും പങ്കെടുക്കുന്നത്. രാവിലെ നടന്ന ലേലത്തിൽ മൂന്നു കമ്പനികൾ ഒരേസമയം ലേലം നടത്തിയതു മൂലം ആവശ്യമായ വ്യാപാരികളുടെ പങ്കാളിത്തം ഇല്ലാതിരുന്നതിനാൽ മത്സര സ്വഭാവത്തിൽ ലേലം നടത്താൻ സാധിച്ചില്ല. നിലവിലുള്ള വ്യാപാരികൾ മൂന്ന് കേന്ദ്രങ്ങളിലുമായി വിഭജിച്ചു ലേലത്തിൽ പങ്കെടുത്തത് മെച്ചപ്പെട്ട വില ലഭിക്കാതിരിക്കാൻ ഇടയാക്കി. വില കുറവ് മുന്നിൽക്കണ്ട് വിൽപനക്കായി കൊണ്ടുവന്ന ഏലക്ക ലേലത്തിലൂടെ വിൽക്കാതെ കർഷകർ തിരിച്ചെടുക്കാനും ഉത്സാഹം കാണിച്ചു. സ്പൈസസ് ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന ദിവസങ്ങളിലും കേന്ദ്രങ്ങളിലും ഏലക്ക ലേലം തടസ്സമില്ലാതെ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ചെറുകിട ഏല കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.