കൊച്ചി: പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചതിന് നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനത്തെ കർഷകർക്ക് സർക്കാർ നൽകാനുള്ളത് 52.55 കോടി. ഇത്രയും വലിയ തുക കൊടുത്തു തീർക്കാനിരിക്കെ നഷ്ടപരിഹാര വിതരണത്തിന് 7.5 കോടി മാത്രമാണ് സർക്കാർ അനുവദിച്ചത്. 2021 മേയ് ഒന്ന് മുതൽ ഈമാസം പത്ത് വരെയുള്ള കണക്കാണിത്. വിളനാശത്തിന് സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരവും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്)യിൽനിന്നുള്ള വിഹിതവും കുടിശ്ശികയായതിൽ ഉൾപ്പെടുന്നു. വരൾച്ചയിലും മഴക്കെടുതിയിലും വിളനാശം സംഭവിച്ച ആയിരക്കണക്കിന് കർഷകരാണ് സംസ്ഥാനത്ത് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത്. പാട്ടത്തിനെടുത്തും ബാങ്ക് വായ്പ ഉപയോഗിച്ചും കൃഷിയിറക്കിയവർ സർക്കാറിന്റെ നഷ്ടപരിഹാരംകൂടി യഥാസമയം ലഭിക്കാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലാണ്. അപേക്ഷകളിലും അനുബന്ധ രേഖകളിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി അംഗീകരിച്ച ക്ലെയിമുകൾ പ്രകാരമാണ് 52.55 കോടി കുടിശ്ശിക. ഇതിൽ 40.09 കോടി വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിലെ സംസ്ഥാന വിഹിതവും 12.46 കോടി ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള വിഹിതവുമാണ്. കുടിശ്ശിക കൊടുത്തുതീർക്കാൻ 2023-24 സാമ്പത്തിക വർഷത്തിൽ 7.50 കോടി വകയിരുത്തിയിട്ടുണ്ടെന്നും ഈ തുക കർഷകർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
ഓരോ വർഷവും പ്രകൃതിക്ഷോഭംമൂലം കോടിക്കണക്കിന് രൂപയുടെ വിളനാശം സംഭവിക്കുന്നുണ്ട്. ആയിരക്കണക്കിന് കർഷകരെയാണ് ഇത് ബാധിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ പത്ത് വരെ ശക്തമായ മഴയിൽ സംസ്ഥാനത്ത് 1,22,322 കർഷകരുടെ 33,983.63 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഇതിലൂടെ 303.38 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.