കൊടുങ്ങല്ലൂർ: പശ്ചിമഘട്ട മലനിരകളിൽ പുതിയ ഇനം വൃക്ഷം കണ്ടെത്തി ഗവേഷക സംഘം. വാഴച്ചാൽ വനമേഖലയുടെയും പറമ്പിക്കുളം ടൈഗർ റിസർവിെൻറയും ഭാഗമായ ഷെയ്ക്കൽ മുടി എന്ന സ്ഥലത്തുനിന്നാണ് പുതിയ ഇനം കണ്ടെത്തിയത്. ലോറേസേ (കറുക) കുടുംബത്തിൽപെട്ട ഈ മരത്തിന് ‘ക്രിപ്‌റ്റോ ക്യാരിയ െഷയ്ക്കൽ മുടിയാന’ എന്നാണ് നാമകരണം ചെയ്തതെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നൽകിയ ഡോ. അമിതാബച്ചൻ പറഞ്ഞു.
ക്രിപ്റ്റോ ക്യാറിയ ജനുസ്സിൽപെടുന്ന പശ്ചിമഘട്ടത്തിലെ അഞ്ചാമത്തെ ഇനമാണ് 20ൽ താഴെ മാത്രം എണ്ണമുള്ള, മഴക്കാടുകളിൽ കാണുന്ന ഈ വൃക്ഷം. 25-35 മീറ്റർ വരെ ഉയരമുള്ള ഇത് കായ, ഇല, ഉയരം എന്നിവ കൊണ്ട് സമാന വൃക്ഷങ്ങളിൽനിന്ന് വ്യത്യസ്തമാണ്. 2010 മുതലുള്ള തുടർച്ചയായ നിരീക്ഷണമാണ് പരിപൂർണ വിലയിരുത്തലിന് ഗവേഷകരെ സഹായിച്ചത്.
സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ പൂക്കുന്ന ഈ വൃക്ഷത്തിെൻറ കായ ഏകദേശം 2.5 സെ.മീ. വലിപ്പമുള്ളതാണ്. പൂക്കുമ്പോൾ കറുപ്പ് നിറമുണ്ടാകുന്ന ഈ ഫലം മലമുഴക്കി വേഴാമ്പലും സിംഹവാലൻ കുരങ്ങുകളും ഭക്ഷിക്കുന്നു. കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് സസ്യശാസ്ത്ര ഗവേഷണ വിഭാഗം ഗവേഷകരും അധ്യാപകരുമായ ഡോ. അമിതാബച്ചൻ, ഡോ. ടി.പി. ഗിരിജ, കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര അധ്യാപകൻ ഡോ. കെ. പ്രദീപ്, കാടഞ്ചേരി ഗവ.എച്ച്.എസ്.എസ് ബോട്ടണി അധ്യാപിക പി.കെ. ഫാസില എന്നിവരടങ്ങുന്ന സംഘമാണ് വൃക്ഷം കണ്ടെത്തിയത്.
അന്തർദേശീയ ജൈവവൈവിധ്യ പ്രസിദ്ധീകരണമായ ‘തായ്‌വാനിയ’യിൽ പുതിയ കണ്ടുപിടിത്തം സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴക്കാടുകളിലെ അപൂർവ ശ്രേണികളിൽപെടുന്ന ലോറസിയേ കുടുംബത്തിൽപെട്ട ഒരു വൃക്ഷം കണ്ടെത്തുക എന്നത് വളരെ അപൂർവമാണെന്നും പശ്ചിമഘട്ടത്തിലെ തനത് സസ്യസമ്പത്തിന് അതൊരു മുതൽക്കൂട്ടാണെന്നും ഡോ. അമിതാബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.