വേ​ലാ​യു​ധ​ൻ നാ​യ​ർ ത​ന്റെ കൃ​ഷി​യി​ട​ത്തി​ൽ

വേലായുധൻ നായരുടെ വേലതന്നെ കൃഷി

നന്മണ്ട: നാടിന്റെ വാഴ്ത്തപ്പെടാത്ത നായകരാണ് കർഷകർ എന്നാണ് ചൊല്ലെങ്കിലും ഇവിടെ വാഴ്ത്തപ്പെടുന്ന ഒരു ജൈവ കർഷകനുണ്ട്. കാർഷികവൃത്തിയിൽ മറ്റു കർഷകർക്ക് മാതൃകയാകുന്ന നന്മണ്ടയുടെ അഭിമാന താരം. ചീക്കിലോട് മാപ്പിള സ്കൂളിനു സമീപം കിഴക്കെ വളപ്പിൽ വേലായുധൻ നായർ കഴിഞ്ഞ അഞ്ചുവർഷമായി ജൈവകൃഷിയിലൂടെ പാരിസ്ഥിതിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറി ഉൽപന്നങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകകൂടി ചെയ്യുന്നു. രാസവളംകൊണ്ട് ഭൂമി മലീമസമാക്കരുതെന്ന നിർബന്ധ ബുദ്ധിയും പരിസ്ഥിതിപ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിനുണ്ട്. മൂന്ന് ഏക്കർ സ്ഥലത്ത് ഔഷധയിനമായ രക്തശാലി നെൽകൃഷി ചെയ്യുന്നതിനുപുറമെ കപ്പ, കാച്ചിൽ കൂർക്ക, ചേന, ചേമ്പ് എന്നീ കിഴങ്ങു വർഗങ്ങളും ഇദ്ദേഹത്തിന്റെ പാടശേഖരത്തിലുണ്ട്. പച്ചക്കറി ഇനത്തിൽ ചെറുപയർ, പാവക്ക, വഴുതിന, വെള്ളരി, മത്തൻ, ചീര, നീളൻപയർ എന്നിവയും കൃഷിചെയ്യുന്നു. കൂടാതെ തെങ്ങ്, കവുങ്ങ് കൃഷികളും ചെയ്തുവരുന്നുണ്ട്.

കർഷകരെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം അവർക്ക് അധ്യാപകനാണ്. ജൈവകൃഷിയിൽ വിജയഗാഥ രചിച്ച വേലായുധൻ നായർ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കഴിഞ്ഞമാസം സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകർഷകനുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്കെല്ലാം ഇദ്ദേഹത്തിന്റെ കൃഷിയിടം ഒരു കൃഷിപാഠം തന്നെയാണ്. ചീക്കിലോട് ഹരിതവിപ്ലവത്തിന്റെ അലയൊലികൾ മുഴങ്ങിത്തുടങ്ങിയത് വേലായുധൻ നായരുടെ കൃഷിയോടുള്ള അഭിനിവേശത്തിന്റെ ഭാഗമായിട്ടായിരുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭാരതീയ പ്രകൃതി കൃഷി കൺവീനർ, നല്ല ഭൂമി കർഷക കൂട്ടായ്മയുടെ സംഘാടകൻ, പഞ്ചായത്തിലെ കൃഷി പ്രവർത്തകസമിതി അംഗം എന്നീ നിലകളിൽ അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 

Tags:    
News Summary - Cultivation is Velayudhan Nair's work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.