കൊരട്ടി: വെസ്റ്റ് കൊരട്ടി കോതിരപ്പടവിൽ ബംഗാളി സ്വദേശികളായ തൊഴിലാളികളെ ഉപയോഗിച്ച് നെൽകൃഷി നടീൽ തുടങ്ങി. വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 130 ഏക്കർ നെൽപ്പാടങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന നടീലിനാണ് തുടക്കമായത്. കുറച്ചുകാലമായി നാട്ടിൽ ഇത്തരം പണികൾക്ക് ആളെ കിട്ടാത്തതിനാൽ കൃഷിപ്പണികളിൽ വിദഗ്ധരായ ബംഗാളികളാണ് ഞാറ് പറിക്കലും നടീലും നടത്തുന്നത്.
മുൻ കാലങ്ങളിൽ നാട്ടിലെ സ്ത്രീതൊഴിലാളികളെ ഉപയോഗിച്ച് നടത്തിയിരുന്ന നടീൽ പണികൾ ബംഗാളികൾ ഏറ്റെടുത്തതോടെകൃഷി മുടങ്ങില്ലെന്ന ആശ്വാസത്തിലാണ് കർഷകർ. വരമ്പ് കിളക്കൽ, വരമ്പ് വെക്കൽ, പുല്ല് തപ്പൽ, വളം പാറ്റൽ തുടങ്ങിയ എല്ലാ കൃഷിപ്പണിയും ചെയ്യാൻ വിദഗ്ധരായ തൊഴിലാളികൾ വർഷങ്ങളായി കൂട്ടുകൃഷി സംഘത്തിനു കീഴിൽ ജോലി ചെയ്യുന്നു.
ഈ വർഷം 160 ദിവസം മൂപ്പുള്ള വെള്ള പൊൻമണി വിത്താണ് ഉപയോഗിക്കുന്നത്. ഒരു മാസം മുമ്പ് തയാറാക്കിയ പൊതു ഞാറ്റടിയിൽ നിന്നുള്ള ഞാറാണ് നടീലിന് ഉപയോഗിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ രാവിലെ നാല് മുതൽ ഞാറ് പറിക്കൽ ആരംഭിച്ച് ഒമ്പത് മുതൽ ഞാറ് നടീൽ നടത്തുന്നു. ഏക്കറിന് 5,500 രൂപ മുതൽ 6,500 രൂപ വരെയാണ് ഇവരുടെ കൂലി.
കൊരട്ടി മേഖലയിൽ നെൽകൃഷിയല്ലാത്ത മറ്റ് ജോലികളും അന്തർ സംസ്ഥാന തൊഴിലാളികൾ ചെയ്തുകൊടുക്കുന്നു. തെങ്ങ്, ജാതി, അടക്കാമരം തുടങ്ങിയ വിളകളുടെ തടമെടുക്കൽ, വളം ചേർത്ത് മൂടൽ, വാഴ കൃഷി, കപ്പകൃഷി എന്നീ പണികളും ഇവർ ചെയ്യുന്നു. കൊയ്ത്തുയന്ത്രമില്ലാത്തിടത്ത് കൊയ്ത്തും മെതിയും ഇവർ ചെയ്യും. വൈക്കോൽ കെട്ടൽ, നെല്ല് ചാക്കിലാക്കി മുകളിൽ കയറ്റൽ, ലോറികളിൽ കയറ്റി സപ്ലൈകോ നിശ്ചയിക്കുന്ന മില്ലുകൾക്ക് നൽകൽ തുടങ്ങിയ എല്ലാ പണികളും ഇവരെ ആശ്രയിച്ചാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.