കുന്ദമംഗലം: കഴിഞ്ഞ 10 വർഷത്തിലധികമായി കുന്ദമംഗലം മാക്കൂട്ടം പുറായിൽ ‘സരിലയ’ത്തിൽ സി.വി. ഗോപാലകൃഷ്ണനും (ജി.കെ) കുടുംബവും കറ്റാർവാഴ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, ഇക്കാലമത്രയും കറ്റാർവാഴ പൂവിട്ടത് കണ്ടിട്ടില്ല. വളരെ അപൂർവമായേ ഇവ പൂവിടാറുള്ളൂ. ഇപ്പോൾ ഇദ്ദേഹത്തിന്റെ ടെറസിന് മുകളിലും വീട്ടുമുറ്റത്തും കറ്റാർവാഴകൾ പൂവിട്ടിരിക്കുന്നു. പൂത്തുലഞ്ഞ കറ്റാർവാഴ കണ്ട സന്തോഷത്തിലാണ് വീട്ടുകാർ. ഓറഞ്ചും മഞ്ഞയും കലർന്ന നിറമാണ് പൂവിനുള്ളത്.
ആകെയുള്ള ഏഴര സെന്റ് സ്ഥലത്ത് വീട് കഴിഞ്ഞാൽ ബാക്കിയുള്ള സ്ഥലവും ടെറസും കൃഷിക്കായി മാറ്റി തികച്ചും ഒരു ഹരിത ഭവനമായി മാറിയിരിക്കുന്നു ഈ വീട്. തക്കാളി, വെണ്ട, പയർ, വഴുതന, ചുരങ്ങ, പച്ചമുളക് തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യം. മുന്തിരിവള്ളിയും പാഷൻ ഫ്രൂട്ടും വീട്ടിലുണ്ട്. കൂൺകൃഷിയും ചെയ്തിട്ടുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ഗോപാലകൃഷ്ണന്റെ കൃഷി. കുറഞ്ഞ സ്ഥലമേ ഉള്ളൂവെങ്കിലും ജോലിയുള്ള ആളാണെങ്കിലും ശ്രമിച്ചാൽ നമുക്ക് എല്ലാ കൃഷിയും ചെയ്യാൻ സാധിക്കുമെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. കൃഷിയിൽ താൽപര്യമുള്ളവർക്ക് അധികൃതർ നടീൽ വസ്തുക്കളും മറ്റും വീട്ടിൽ എത്തിച്ചുകൊടുത്താൽ ആളുകൾ കൃഷിയിലേക്ക് കുറച്ചുകൂടി ഇറങ്ങാൻ തയാറാകുമെന്നും ജോലിത്തിരക്കുള്ളവർക്ക് കൃഷിഭവനിലേക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാനുള്ള പ്രയാസം പരിഹരിക്കാനും ഇതുമൂലം കഴിയുമെന്നും ഇദ്ദേഹം അഭിപ്രായപെട്ടു.
അസ്ഫോഡെലേഷ്യ കുടുംബത്തിൽപെട്ട ഒരു ഉദ്യാന സസ്യമാണ് കറ്റാർവാഴ. പേരിൽ സാമ്യമുണ്ടങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധ ഗുണമുള്ള ഒരു ചെടിയാണിത്. ത്വഗ് രോഗങ്ങൾക്കുള്ള നല്ലൊരു ഔഷധിയും ചർമസംരക്ഷണത്തിനുള്ള ഒരു പ്രതിവിധിയുമാണിത്. കറ്റാർവാഴയുടെ ജെല്ലിൽ അടങ്ങിയ മ്യൂക്കോ പോളിസാക്കറൈഡുകളിൽ ജീവകങ്ങൾ, അമിനോ അമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മനോഹരമായ പൂവുകളാണ് ഇവക്കുള്ളത്. വിറ്റമിൻ-ഇ ധാരാളമായി അടങ്ങിയിരിക്കുന്ന കറ്റാർവാഴ ഉയർന്ന ലാഭം നൽകുന്ന ചെലവ് കുറഞ്ഞ കൃഷിയാണ്. ജോലിസമയത്തിനു ശേഷമാണ് ഗോപാലകൃഷ്ണൻ ഈ പുരയിട കൃഷിക്ക് സമയം കണ്ടെത്തുന്നത്. ഒരു യൂട്യൂബർ കൂടിയായ ഇദ്ദേഹം ഇതോടൊപ്പം സാമൂഹ്യ പ്രവർത്തനവും നടത്തുന്നു. ഭാര്യ ശ്രീജയും മക്കളും ഇദ്ദേഹത്തിന് പൂർണ സഹായമായി എപ്പോഴും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.