തൊടുപുഴ: കൊടുംചൂടിനെ തുർന്ന് പാൽ ഉൽപാദനത്തിൽ വൻ ഇടിവുണ്ടായതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. വേനലിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും ജലസ്രോതസ്സുകൾ വറ്റിവരണ്ടതുമാണ് പ്രധാന കാരണം. ക്ഷീരസംഘങ്ങളിൽ പാലിന്റെ വരവ് പകുതിയിലധികം കുറഞ്ഞു. കർഷകരുടെ പച്ചപ്പുൽക്കൃഷിയും ഭൂരിഭാഗവും കരിഞ്ഞുണങ്ങി. തമിഴ്നാട്ടിൽനിന്നാണ് ജില്ലയിലേക്ക് വൈക്കോൽ എത്തിയിരുന്നത്. മുൻവർഷങ്ങളേക്കാൾ കനത്ത ചൂടാണ് ഹൈറേഞ്ചിൽ അനുഭവപ്പെടുന്നത്. പാൽ കുറഞ്ഞതോടെ ക്ഷീരസംഘങ്ങളിൽനിന്ന് പാൽ വാങ്ങിയിരുന്നവർക്ക് പോലും ലഭിക്കാതെയായി.
ആധുനിക ഫാം നടത്തുന്നവരും തൊഴുത്തിൽ രണ്ടോ മൂന്നോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്നവരും ഒരുപോലെ ദുരിതത്തിലായി. മിൽമ ബൂത്തുകളിൽ പാൽ വരവിലും കുറവുണ്ട്. പശുക്കൾക്ക് ഇപ്പോഴത്തെ ഇഷ്ടഹാരം കന്നാര കാനിയാണ്. ഒരു പിക്അപ്പ് വാനിലെത്തുന്ന നൂറു കെട്ട് കാനിക്ക് 4,000 രൂപയാണ് വില. മുമ്പ് കെട്ടിന് 30 രൂപയായിരുന്നു. വേനൽചൂടിൽ പച്ചപ്പ് നഷ്ടപ്പെടുന്നതിനാൽ പശുക്കൾ കന്നാര കാനി പഴയതുപോലെ കഴിക്കുന്നില്ല. വെയിലിന്റെ ചൂടേറ്റ് അവശരാവുന്ന പശുക്കൾക്ക് ആവശ്യത്തിന് വെള്ളം നൽകുന്നതിനു പുറമെ തൊഴുത്തിൽ ഫാനും പിടിപ്പിച്ചിട്ടുണ്ട്.
എങ്കിലും ഇപ്പോഴത്തെ വരവും ചിലവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വേനലിൽ പാൽ കുറഞ്ഞത് കുടുംബ വരുമാനം തന്നെ താളംതെറ്റിച്ചതായി കർഷകർ പറയുന്നു. ഹൈറേഞ്ച് മേഖലയിലടക്കം പലരുടെയും ഉപജീവനമാണ് പശു വളർത്തൽ. ചൂട് ഇങ്ങനെ നിന്നാൽ പശുക്കളെ ഇത് സാരമായി ബാധിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു.
കടുത്ത താപനിലയും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ കാലികളിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് കാലികളുടെ തീറ്റയിൽ പെട്ടെന്നുള്ള വ്യതിയാനം വരാതെ ശ്രദ്ധിക്കണം, അത്യാവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റം വരുത്തുക. വേനൽക്കാല ഭക്ഷണത്തിൽ ഊർജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽകാം. ധാതുലവണങ്ങളും വിറ്റാമിന് മിശ്രിതവും നൽകണമെന്നും വകുപ്പ് അധികൃതർ നിർദേശിക്കുന്നു.
കന്നുകാലികളെ വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം. അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.