പുൽപള്ളി: നെൽകൃഷിയുടെ പ്രാരംഭജോലികൾ തുടങ്ങിയത് മുതൽ വന്യജീവികളെ തുരത്താൻ ഉറക്കമൊഴിഞ്ഞ് കർഷകർ. വനാതിർത്തി ഗ്രാമങ്ങളിലെ കർഷകർ വന്യജീവി ശല്യത്താൽ പൊറുതിമുട്ടുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ല. ഇത്തവണ ഒട്ടേറെ പ്രതിസന്ധികൾക്കിടയിൽനിന്നാണ് നെൽകൃഷി ഇറക്കിയിരിക്കുന്നത്. മഴക്കുറവാണ് ഇതിൽ പ്രധാനം. കർക്കടകത്തിൽ മഴ തീരെ കുറവാണ് ലഭിച്ചത്. സ്വന്തമായി ജലസേചന സൗകര്യങ്ങളൊരുക്കി കൃഷിയിറക്കുന്ന കർഷകർ വളരെ കുറവാണ്. ഇതിന് പുറമേയാണ് കടുത്ത വന്യജീവി ശല്യം. നെൽകൃഷി ആരംഭിച്ചത് മുതൽ വിളവെടുക്കുന്നതുവരെ കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ.
രാത്രിയിൽ കാവൽ മാടങ്ങളിൽ ഉറക്കമൊഴിച്ച് ആനയെയും കാട്ടുപന്നിയെയും മാനിനെയുമെല്ലാം ഓടിക്കുന്നതിന്റെ തിരക്കിലാണ് ഇവർ. സമീപകാലത്ത് മാൻ ശല്യവും വർധിച്ചിട്ടുണ്ട്. മാനുകൾ വയലുകളിലേക്ക് ഇറങ്ങാതിരിക്കാൻ പലയിടത്തും ഗ്രീൻ നെറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. ഇത് മറികടന്നും മാനുകൾ കൃഷിയിടത്തിൽ എത്തുന്നുണ്ട്. സമീപകാലത്തായി പാടശേഖരങ്ങളിൽ കാവൽ മാടങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൃഷിയിറക്കാൻ കർഷകരും വിളവെടുക്കാൻ വന്യമൃഗങ്ങളുമെന്ന സ്ഥിതിയാണ് വനാതിർത്തി ഗ്രാമങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.