അടിമാലി: കാലവർഷം ശക്തമാകുന്നതിനിടയിൽ കാട്ടാനശല്യവും വർധിച്ചതോടെ കർഷകർ ദുരിതത്തിൽ. അടിമാലി, മാങ്കുളം, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ വിവിധ ഇടങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഒന്നിലേറെ കൊമ്പന്മാരാണ് നീണ്ട പാറയിൽ കൃഷി നശിപ്പിച്ചത്. അവറുകുട്ടി വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകൾ വാളറ, പാട്ടയടമ്പ്, കുളമാകുഴി, കാഞ്ഞിര വേലി, ഇഞ്ചത്തൊട്ടി എന്നിവിടങ്ങളിലും പെരിയാർ നീന്തിക്കടന്നെത്തുന്ന കാട്ടാനകൾ നേയര്യമംഗലം നീണ്ടപാറ മേഖലയിലും നാശം വിതക്കുകയാണ്.
നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഇവിടെയും നാട്ടുകാർ ഭീതിയിലാണ്. കാട്ടാനകൾ തുടർച്ചയായെത്തി വ്യാപകമായി കാർഷിക മേഖലക്ക് നാശം വരുത്തി.
കൊച്ചുപുത്തൻപുരയിൽ ഗീവർഗീസ്, മഠത്തിക്കുടി രാജൻ, കൊച്ചുപുത്തൻപുര കുര്യാക്കോസ്, വർക്കി പുല്ലൻ, സ്കറിയ, നടുക്കുടി ജോളി, നാട്ടുവാതിക്കൽ ഷാജി, ചെല്ലാകുന്നത്ത് സന്തോഷ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. തെങ്ങ്, അടക്കാമരം, വാഴ, പ്ലാവ്, മാവ്, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരിയാർ കടന്ന് രാത്രി കാലങ്ങളിലാണ് കാട്ടാനയെത്തുന്നത്. വനത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് റോഡരികിലുള്ള നടുക്കുടി ജോളിയുടെ വീട്ടുമുറ്റത്ത് വരെ ഒറ്റയാൻ എത്തി. വനാതിർത്തികളിൽ ഫെൻസിങ്ങ് സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കുന്നതിന് സർക്കാർ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.