ആലത്തൂർ: കൃഷിഭവന്റെ പരിധിയിലെ പുതിയങ്കം പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ മുഞ്ഞ ബാധ സ്ഥിരീകരിച്ചു. മുഞ്ഞ എന്ന കീടങ്ങൾ ചെടിയുടെ തണ്ടിൽ ഒന്നിച്ചുകൂടിയിരിക്കുന്നതായാണ് കാണപ്പെട്ടത്. ഇവ നെൽച്ചെടിയുടെ തണ്ടിലെ നീര് ഊറ്റിക്കുടിക്കുന്നതിനാൽ അധികം വൈകാതെ വിള നശിക്കും. മുഞ്ഞ ബാധയുണ്ടായാൽ തണ്ടും ഇലകളും ആദ്യം മഞ്ഞനിറത്തിലാവുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യുന്നതാണ് ലക്ഷണം.
ആദ്യം ഏതെങ്കിലും ഒരു ഭാഗത്തായിരിക്കും ആക്രമണം കാണപ്പെടുക. പിന്നീട് അത് മറ്റുള്ള ഭാഗങ്ങളിൽകൂടി വ്യാപിക്കുന്നു. കതിരുവന്ന പാടങ്ങളിൽ രോഗമുണ്ടായാൽ വിള ആകെ നശിക്കും.
എന്തുകൊണ്ട് രോഗം
കിങ്, കരാട്ടേ, ഫെൽവാൾ, കുങ്ഫു തുടങ്ങിയ മാരകവിഷമുള്ള പൈറിത്രോയിഡ് വിഭാഗത്തിൽപെട്ട കീടനാശിനികൾ നെൽപ്പാടത്ത് ഉപയോഗിക്കുമ്പോൾ വയലുകളിലെ മിത്രപ്രാണികൾ കൂട്ടത്തോടെ നശിക്കും. പിന്നീട് കാലാവസ്ഥ അനുകൂലമാകുമ്പോൾ മുഞ്ഞകൾ വന്നാൽ അതിനെ നേരിടാൻ മിത്രപ്രാണികൾ ഇല്ലാതെവരുന്നതിനാൽ ശത്രുപ്രാണി വിളകളെ നശിപ്പിക്കുന്നു. ഇവയെ ഒരിടത്ത് കാണപ്പെട്ടാൽ അധികം വൈകാതെ ദൂരെയുള്ള പ്രദേശങ്ങളിലെത്തും. പറക്കാൻ കഴിവുള്ള കീടങ്ങളാണ് മുഞ്ഞ. കൃഷിവിഭാഗം ശിപാർശ ചെയ്യാത്ത മാരക കീടനാശിനികളുടെ പ്രയോഗം നെൽപ്പാടത്തുനിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
എങ്ങനെ നിയന്ത്രിക്കാം
ദിവസവും നെൽച്ചെടികൾ തട്ടി മുഞ്ഞകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. പാടത്ത് വെള്ളം ഉണ്ടെങ്കിൽ അത് തുറന്നുവിടുക. യൂറിയപോലുള്ള നൈട്രജൻ വളങ്ങളുടെ പ്രയോഗം ഒഴിവാക്കുക. ഒരുനുരിയിൽ 30 വരെ മുഞ്ഞപ്രാണികളെ കാണുന്നെങ്കിൽ ഏതെങ്കിലും കീടനാശിനികൾ തളിക്കേണ്ടിവരും. ഒരു ഏക്കറിന് 100 ലിറ്റർ വെള്ളം എന്ന കണക്കിൽ കീടനാശിനിയും പശയും ചേർത്താണ് തളിക്കേണ്ടത്. ഇമിഡാക്ലോർപ്രൈഡ് 100 മില്ലി / തയോമെതോക്സാം 40 ഗ്രാം / അസിഫെറ്റ് 320 ഗ്രാം / ബുപ്രോഫെസിൻ 320 മില്ലി/ കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനിൽ അന്വേഷിക്കാവുന്നതാണെന്നും ആലത്തൂർ കൃഷി ഓഫിസർ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.