കൽപറ്റ: വിലയിടിവും വിളനാശവും ദുരിതത്തിലാക്കിയ കർഷകർക്ക് ഇരുട്ടടി നൽകി മഴയും. കാപ്പി, കുരുമുളക്, നെല്ല് തുടങ്ങി വിവിധയിനം കാർഷികോൽപന്നങ്ങളുടെ വിളവെടുപ്പ് സീസണാണ് ഇപ്പോൾ. വിളവെടുക്കുന്നതിനും ഉണക്കുന്നതിനും മഴ വില്ലനാവുന്നതോടെ വലിയ ആധിയിലാണ് കർഷകർ. ചാറ്റൽമഴ ജില്ലയിലെല്ലായിടത്തുമുണ്ട്. കൂടാതെ വെയിലില്ലാത്തതിനാൽ കാപ്പിയും കുരുമുളകും നെല്ലുമെല്ലാം ഉണക്കാൻ കഴിയാതെ നശിച്ചുപോകുന്ന അവസ്ഥയിലുമാണ്. കാപ്പിയും കുരുമുളകുമെല്ലാം വിളവെടുപ്പിനുശേഷം നല്ല വെയിലത്ത് ഉണക്കി വേണം വിപണിയിലെത്തിക്കാൻ. എന്നാൽ, അപ്രതീക്ഷിത മഴയും കാർമേഘം മൂടിനിൽക്കുന്നതും കാർഷിക വിളകളെ സാരമായി ബാധിക്കുകയാണ്.
കാലംതെറ്റി മഴ പെയ്യുന്നത് ചെടികളിൽനിന്ന് വിളകൾ കൊഴിഞ്ഞുവീണ് നശിക്കാനും കാരണമാവുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം കാർഷിക വിളകളുടെ സീസണെത്തും മുമ്പേ അടുത്ത വിളവിനുള്ള പൂവും തരിമ്പുകളും ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഇത് വിളവെടുപ്പു സമയത്ത് കൊഴിഞ്ഞുനശിക്കാനും അടുത്ത വർഷത്തെ വിളവിനെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. നെൽപാടങ്ങളിൽ കർഷകർ കൊയ്തിട്ട നെൽക്കതിരുകൾ നനഞ്ഞാൽ ക്ഷീരകർഷകർ പോലും അവ വിലകൊടുത്ത് വാങ്ങാൻ മടിക്കും. പാടങ്ങളിൽ വെള്ളം കെട്ടിനിന്നാൽ നെല്ലും വയ്ക്കോലുമെല്ലാം നശിച്ചുപോവുകയും ചെയ്യും.
മഴകാരണം പല നെൽപാടങ്ങളിലും കൊയ്തിട്ട നെല്ല് കുതിർന്ന് പാടത്തുനിന്ന് മാറ്റാൻ സാധിക്കാതെ വന്നതോടെ നെൽക്കർഷകർ പ്രതിസന്ധിയിലായി.
പലയിടത്തും വയലുകളിൽ കൊയ്തിട്ട നെല്ല് വാരിയെടുക്കാനോ മെതിക്കാനോ സാധിച്ചിട്ടില്ല. ഇതുകാരണം കതിരുകൾ കൊഴിഞ്ഞുപോകാനും മുളക്കാനും സാധ്യതയേറെയാണ്. ചിയ പാടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടേയുള്ളൂ. മഴ പെയ്തതോടെ കൊയ്ത്തുയന്ത്രം ഇറക്കാനാകാത്ത സ്ഥിതിയുമുണ്ട്.
നെന്മേനി പഞ്ചായത്തിലെ കൊഴുവണ, കൊമ്മാട് പ്രദേശങ്ങളിൽ രണ്ടു ദിവസമായി കനത്തമഴയാണ് ലഭിച്ചത്.
ഇതോടെ അമ്പതോളം കർഷകരുടെ കൊയ്തിട്ട നെൽക്കതിരുകൾ വെള്ളത്തിലായി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇക്കൊല്ലം വൈകിയാണ് നെൽകൃഷിയിറക്കിയത്. കൊയ്ത്ത് പൂർത്തിയാകാനായപ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.
പാടത്തെ വയ്ക്കോലും കർഷകർക്ക് ഇതുകാരണം നഷ്ടമായി. പല കർഷകരും വായ്പയെടുത്തും മറ്റുമാണ് നെൽകൃഷിയിറക്കിയത്.
ചീരാൽ: താഴത്തൂർ, നൂലക്കുന്ന്, കായൽമൂല, പാടങ്ങളിൽ കാലംതെറ്റി പെയ്ത മഴയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കൊമ്മാട് നെല്ലുൽപാദക പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കൊയ്യാനായതും കൊയ്തതുമായ നെല്ലും വയ്ക്കോലും പാടത്തും വീട്ടുമുറ്റത്തുമായി നശിക്കുകയാണ്. ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാതെയും ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലം ലഭിക്കാതെയും കർഷകർ പ്രതിസന്ധിയിലായി. സപ്ലൈകോയുടെ നെല്ല് സംഭരണം ഫലപ്രദമല്ലാത്തതും കൃഷിഭവൻ മുഖേന ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിലച്ചതും നെൽക്കർഷകർക്ക് തിരിച്ചടിയായി. കൃഷിഭവൻ മുഖേനയുണ്ടായിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ, വി.ടി. രാജു, എം. അലവി, കെ. ബലരാമൻ, എം. മൊയ്തീൻ കുട്ടി, കെ. പത്മനാഭൻ, അപ്പുക്കുട്ടൻ, സുധീഷ് എന്നിവർ സംസാരിച്ചു.
കൽപറ്റ: കാലംതെറ്റി പെയ്ത മഴയിൽ കാപ്പിക്കർഷകർക്ക് ആശങ്ക. വിളവെടുപ്പ് പൂർത്തിയാക്കാത്ത തോട്ടങ്ങളിൽ മഴയും മഞ്ഞും കാരണം കാപ്പി പൂത്തുതുടങ്ങി. വിളവെടുത്തവയാകട്ടെ, ഉണക്കാൻ കഴിയാത്ത അവസ്ഥയിലും. വിളവെടുത്ത് കൂട്ടിയിട്ട കാപ്പിക്കുരു വെയിലില്ലാത്തതു കാരണം പൂപ്പൽ പിടിക്കുന്ന സാഹചര്യമുണ്ടാകും. ജില്ലയിൽ കാപ്പി വിളവെടുപ്പ് മിക്ക തോട്ടങ്ങളിലും പാതിയിലാണ്. സാധാരണ ഡിസംബർ ആദ്യം ആരംഭിക്കുന്ന വിളവെടുപ്പ് ഒന്നര മാസത്തോളം നീളും. ഇതിനിടയിലാണ് മഴ വില്ലനായത്. മഴക്കുമുമ്പ് മഞ്ഞും ഉണ്ടായതോടെയാണ് പലയിടത്തും വിളവെടുപ്പിനു മുമ്പേ കാപ്പി പൂക്കാനും തുടങ്ങിയത്.
കാപ്പി പറിക്കുമ്പോൾ പൂക്കൾ കൊഴിഞ്ഞുപോകുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും. സാധാരണ 10 ദിവസത്തിനുള്ളിൽ ഉണക്കിയെടുക്കാവുന്ന കാപ്പി നിലവിൽ രണ്ടാഴ്ച കഴിഞ്ഞാലും ഉണക്കാൻ സാധിക്കുന്നില്ല. വിളവെടുക്കാൻ കഴിയാത്ത കാപ്പിക്കുരു മഴവെള്ളം കെട്ടിനിന്ന് കൊഴിഞ്ഞുവീണു നശിക്കാനും കാരണമാകും. 70,000 ഹെക്ടറോളം കാപ്പികൃഷിയുണ്ടെന്നാണ് കണക്ക്. ഇത് മൊത്തം കൃഷിയിടത്തിന്റെ 33.6 ശതമാനത്തോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.