തിരുവനന്തപുരം: കടുത്ത വരൾച്ചയിൽ സംസ്ഥാനത്ത് പലയിടത്തും 100 ശതമാനം കൃഷിനാശം. വരൾച്ച കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതം വിലയിരുത്താൻ രൂപവത്കരിച്ച കാർഷിക വിദഗ്ധർ ഉൾപ്പെട്ട സംഘത്തിന്റേതാണ് കണ്ടെത്തൽ. വിവിധ ജില്ലകളിലായി 152 ബ്ലോക്കുകൾ സംഘം സന്ദർശിച്ചു. കർഷകരുടെ മുഴുവൻ കൃഷിയും കടുത്ത വേനലിൽ നശിച്ചുപോയ സംഭവങ്ങൾ ധാരാളം ഉണ്ടെന്നാണ് വിലയിരുത്തൽ. വേനൽമഴയും കാലവർഷവും കൂടി എത്തുന്നതോടെ കൃഷിനാശം കൊണ്ട് കർഷകർ പൊറുതിമുട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കൊടും വരൾച്ചയിൽ മൂന്നുമാസത്തിനിടെ 246.61 കോടിയുടെ കൃഷിയാണ് സംസ്ഥാനത്താകെ നശിച്ചത്. ഫെബ്രുവരി എട്ടുമുതൽ മേയ് 11 വരെ കൃഷിഭവനുകൾ വഴി റിപ്പോർട്ട് ചെയ്ത പ്രാഥമിക വിവര റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്.
സ്ഥിതി ഇത്ര രൂക്ഷമായിട്ടും നഷ്ടപരിഹാരം നൽകാൻ നടപടിയൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാണ് കൃഷി ഓഫിസർമാർ നിർദേശിക്കുന്നത്. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവർ തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ പ്രതിസന്ധിയിലാണ്. ദുരിതാശ്വാസം ലഭ്യമാക്കാൻ നടപടി നടന്നുവരികയാണെന്നും നാശനഷ്ടത്തിന്റെ തോത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിലാണ്- 133.39 കോടി. പാലക്കാടാണ് രണ്ടാമത്- 46.47 കോടി. മലപ്പുറത്ത് 10.54 കോടിയും കണ്ണൂരിൽ 9.35 കോടിയും ആലപ്പുഴ 9.20 കോടിയും നഷ്ടമുണ്ടായി. കുറഞ്ഞ കൃഷിനാശം എറണാകുളത്താണ്- 95.45 ലക്ഷം. ഇടുക്കിയിൽ മാത്രം 11,428.56 ഹെക്ടർ കൃഷി നശിച്ചു. കാസർകോട് 2308.49 ഹെക്ടറിലും പാലക്കാട് 1808.85 ഹെക്ടറിലും ആലപ്പുഴയിൽ 1137.18 ഹെക്ടറിലും കൃഷി നശിച്ചു. 47,367 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇതിൽ 27,146 പേരും ഇടുക്കിയിലാണ്. പാലക്കാട് 5330ഉം കൊല്ലത്ത് 2996ഉം മലപ്പുറത്ത് 1483ഉം കർഷകർക്ക് കൃഷിനാശം സംഭവിച്ചു. ഏലം, നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ പ്രധാന വിളകളെല്ലാം കരിഞ്ഞുണങ്ങി. റബർ, നാളികേരം, കശുവണ്ടി പൈനാപ്പിൾ, മാങ്ങ എന്നിവക്കും കാര്യമായ നാശം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.