തൊടുപുഴ: കൊടുംചൂട് ജില്ലയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിയുകയാണ്. പലരുടെയും വിളകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ നിലം പൊത്തിത്തുടങ്ങി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിയതായി കർഷകർ പറയുന്നു. വേനൽ മഴ കൂടി കനിഞ്ഞില്ലെങ്കിൽ മുമ്പെങ്ങും കാണാത്ത പ്രതിസന്ധിയെയാകും ജില്ലയിലെ കാർഷിക രംഗം നേരിടുക.
തൊടുപുഴ: കൊടുംവേനലും കടുത്തചൂടും വലിയ ദുരിതമാണ് ജില്ലയിലെ കർഷകർക്ക് തീർക്കുന്നത്. ജലസ്രോതസ്സുകൾ വരളുകയും വിളകൾക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കഴിയാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
ഇപ്പോൾ തന്നെ പലയിടങ്ങളിലും വിളകൾ വേനല്‍ നീണ്ടുനില്‍ക്കാനിടയായാല്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി. കാര്‍ഷിക മേഖലയില്‍ ചൂട് കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ ചൂട് ബാധിച്ചുതുടങ്ങി. കൂടാതെ, വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. ഏലം മേഖലയിലാണ് സാധാരണ ചൂട് പ്രതികൂലമായി ബാധിക്കുന്നത്. മതിയായ തോതില്‍ ജലസേചനം ലഭിച്ചില്ലെങ്കില്‍ ഏലച്ചെടികള്‍ ഉണങ്ങിക്കരിയുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യും.
വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ ഫെബ്രുവരിയിലുണ്ടായ കൃഷി നാശം ജില്ലയിൽ 429.8 ഹെക്ടറിലാണ്. മാർച്ചിലെ കണക്കുകൾ കൃഷി ഭവനുകളിൽനിന്ന് ശേഖരിച്ച് വരുന്നതേയയുള്ളൂ. എന്തായാലും ഫെബ്രുവരിയിലെ കണക്കിന്റെ ഇരട്ടിയായിരിക്കും മാർച്ചിലേത്.
ചൂടിനെത്തുടർന്ന് വിളകൾ ഭൂരിഭാഗവും വാടിക്കരിഞ്ഞ് നിൽക്കുന്നത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ കൃഷിനാശം വളരെ കൂടുതലാണ്. വിളവെടുക്കുന്ന ഏത്തക്കുലയുടെ തൂക്കത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഹൈറേഞ്ചിൽ ഏറെ കൃഷി ചെയ്യുന്ന വാഴ കർഷകരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വാഴയും കപ്പയുമടക്കം ഉണങ്ങി. വേനൽ മഴ ലഭിക്കുമ്പോഴാണ് കപ്പ, ചേന, കാച്ചിൽ തുടങ്ങിയ നടുതല കൃഷികൾ നടുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ ലഭിക്കാതെ വന്നതിനാൽ നടാൻ കഴിഞ്ഞിട്ടില്ല. വേനൽ മഴ കിട്ടിയാൽ ഒരു പരിധിവരെ ആശ്വാസം കിട്ടുമെന്നാണ് കർഷകർ പറയുന്നത്.
തൊടുപുഴ: കനത്ത വേനൽ ഏലം കൃഷിയെയും പ്രതിസന്ധിയിലാക്കുകയാണ്. പ്രതീക്ഷിച്ച വേനൽ മഴയും കിട്ടാതായതോടെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലും ചെടികൾ കരിഞ്ഞുണങ്ങി വീഴുകയാണ്. സാധാരണക്കാരായ ഏലം കർഷരാണ് ഇതിന്റെ ദുരിതം പൂർണമായും അനുഭവിക്കുന്നത്. ജലസേചന സൗകര്യങ്ങളുടെ കുറവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. കൃഷിയിടങ്ങളിലെ കുളങ്ങളും കിണറുകളും എല്ലാം വറ്റിവരണ്ടു കിടക്കുകയാണ്. ഉണക്കിന്റെ കാഠിന്യം കുറക്കാൻ കർഷകർ തണലിനായി പച്ചനെറ്റ് കെട്ടുകയും ഏലച്ചെട്ടിയുടെ ചുവട്ടിൽ കരിയിലകൾ കൂട്ടിവെച്ച് മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൊടുംചൂടിനെ വരുതിയിലാക്കാൻ ഇതുകൊണ്ടെന്നും കഴിയാത്ത സാഹചര്യമാണ്.
വേനൽ മഴയും ലഭിക്കാത്തത് മൂലം ഏലച്ചെടികളുടെ പരിപാലനം ആകെ ക്രമം തെറ്റിയ അവസ്ഥയിലാണ്. വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങിയ ഏലച്ചെടികൾ ഇനി പൂർവസ്ഥിതിയിലെത്താൻ പുതിയ ചിമ്പ് മുളച്ച് വരണം. ഇവ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കൂടിയേ തീരൂ. ഇപ്പോഴത്തെ രീതിയിൽ വേനൽ മഴ ലഭിക്കാതിരുന്നാൽ ഏലകൃഷി പൂർണമായും നശിക്കുമെന്നാണ് കർഷകരുടെ ആശങ്ക.
അടിമാലി: വേനൽച്ചൂട് കടുത്തതോടെ ഹൈറേഞ്ചിൽ കൃഷി വ്യാപകമായി ഉണങ്ങി നശിക്കുന്നു. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, പതിനാലാംമൈൽ, മച്ചിപ്ലാവ്, കുരങ്ങാട്ടി, തലമാലി പ്രദേശങ്ങളിലെ വാഴ, ഏലം, കുരുമുളക്, കമുക്, ജാതി, കൊക്കോ തുടങ്ങിയ കൃഷികളാണ് ഉണങ്ങി നശിക്കുന്നത്. ഫെബ്രുവരിയിൽ തന്നെ മലയോരത്ത് കടുത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
ഏപ്രിൽ ആയതോടെ ചൂടിന്റെ കാഠിന്യം ഏറി. കാഞ്ഞിരവേലിയിൽ പുറത്തൂട്ട് ശങ്കരന്റെ 300 ഏത്തവാഴയാണ് കരിഞ്ഞുണങ്ങിയത്. കാഞ്ഞിരവേലി പുറത്തൂട്ട് ഓമന രാജൻ, പ്ലാപ്പുഴ പൗലോസ്, മാക്കൽ ഭാസ്കരൻ എന്നിവർ ഉൾപ്പെടെ അമ്പതോളം കർഷകരുടെ എല്ലാ കൃഷികളും വേനലിൽ കരിഞ്ഞുണങ്ങി. ഇരുമ്പുപാലം മുകളേൽ ജോണിയുടെ അരയേക്കർ ഏലകൃഷി കരിഞ്ഞുണങ്ങി നശിച്ചു. ജാതി ഉൾപ്പെടെ ഇതര കൃഷിയും നശിച്ചു. ഇപ്പോൾ ദേവിയാർ പുഴയുടെ ഭാഗങ്ങളിൽ മാത്രമാണ് ആകെ ജലശേഖരമുള്ളത്. മലയോര മേഖലയിലെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷി നനക്കുന്നതിനും ആശ്രയിച്ചിരുന്നത് കിണറുകളെയാണ്. എന്നാൽ, വോൾട്ടേജ് ക്ഷാമംമൂലം മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്.
ഇതോടെ പലയിടത്തും കൃഷിക്ക് ജലസേചനം നടത്തുന്നത് നിലച്ചു. വരുംദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ മലയോരത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാകും. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.