കട്ടപ്പന: കുരുമുളക് വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാനകേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ ചൊവ്വാഴ്ച ഒരു കിലോക്ക് 485 മുതൽ 489 രൂപ വരെ മാത്രമായിരുന്നു വില. വിളവെടുപ്പ് സീസൺ അടുത്തിരിക്കെ ഉണ്ടായ വിലയിടിവ് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.
വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി എന്നിവക്കൊന്നും ഈ വില ലഭിച്ചാൽ മതിയാകില്ല. 2014ൽ കിലോക്ക് 710 രൂപയുണ്ടായിരുന്നു. 2015 മുതൽ വില പടിപടിയായി കുറയുകയാണ്. രണ്ട് മാസത്തിനിടെ വില കിലോക്ക് 460 രൂപയിലേക്ക് താഴ്ന്ന് വീണ്ടും 489 രൂപ വരെ എത്തി. 2015 ജൂലൈയിൽ 640 രൂപയായി. 2016 ഒക്ടോബറിൽ 681 രൂപയായി ഉയർന്നെങ്കിലും 2017 ജനുവരിയിൽ 654 ലേക്ക് താഴ്ന്നു. പിന്നീട് വില കുത്തനെ ഇടിയുകയായിരുന്നു.
2017 സെപ്റ്റംബറിൽ വില 430 ലേക്ക് താഴ്ന്നു. ഡിസംബറിൽ അൽപം ഉയർന്ന് 450 ൽ എത്തിയെങ്കിലും 2018 ജനുവരിയിൽ 400 രൂപയിൽ താഴെയെത്തി. പിന്നീട് വിലയിടിവ് തുടർന്ന് 360 രൂപയിൽ എത്തുകയായിരുന്നു. കഴിഞ്ഞ നാലുവർഷമായി വില കൂടിയും കുറഞ്ഞും മാറിമറിഞ്ഞ് 500 രൂപയിൽ താഴ്ന്ന് നിൽക്കുകയാണ്. നാല് വർഷം മുമ്പ് ഓഫ്സീസണിൽ കിലോക്ക് 681രൂപ വരെ വിൽപന നടന്നതിനാൽ ഇത്തവണ കാര്യമായ വർധന ഉണ്ടാകുമെന്ന വിശ്വാസത്തിൽ കുരുമുളക് സംഭരിച്ച കർഷകർക്ക് വിലയിടിവ് കനത്ത ആഘാതമായി.
വില 500 രൂപയിൽ താഴ്ന്നപ്പോൾ വീണ്ടും ഉയരുമെന്നായിരുന്നു പ്രതീക്ഷ. വിലത്തകർച്ച തുടർന്നപ്പോൾ കിട്ടിയ വിലയ്ക്ക് മുളക് വിൽക്കേണ്ട ഗതികേടിലായി കർഷകർ. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കാലവർഷത്തിൽ കുരുമുളക് ചെടികൾ വ്യാപകമായി നശിച്ചിരുന്നു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇത്തവണ നല്ല വിളവാണ്. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് വഴിയൊരുക്കിയത്. കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മൂലം കഴിഞ്ഞ സീസണിൽ ഉൽപാദനം 40 ശതമാനം കുറവായിരുന്നു. ഇത് മറികടക്കാനാണ് ഇറക്കുമതി വർധിപ്പിച്ചത്. വിയറ്റ്നാം, ശ്രീലങ്ക കുരുമുളകാണ് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്.
ഗുണനിലവാരം കുറവാണെങ്കിലും പരിശോധന കൂടാതെയാണ് ഇന്ത്യൻ വിപണിയിൽ വിദേശ കുരുമുളക് എത്തുന്നതെന്ന് ആക്ഷേപമുണ്ട്.
ഇതിനൊപ്പം കേരളത്തിൽനിന്നുള്ള ഉൽപന്നത്തേക്കാൾ കുറഞ്ഞ വിലയിൽ കർണാടകയിൽനിന്ന് കുരുമുളക് വിപണിയിൽ എത്തുന്നതും തിരിച്ചടിയായി. വിളവെടുപ്പ് പൂർത്തിയാകുമ്പോൾ വില ഇനിയും ഇടിയുമെന്നാണ് ആശങ്ക. കർഷകരെ സഹായിക്കാൻ സർക്കാർ ഇടമെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.