തിരുവല്ല: നാല് പതിറ്റാണ്ടായി തരിശു കിടക്കുന്ന 35 ഏക്കർ വരുന്ന പരുമല അകത്തേമാലി പാടശേഖരത്തിൽ പൊന്നുവിളയിക്കാൻ തുനിഞ്ഞിറങ്ങിയ കർഷക കൂട്ടായ്മക്ക് അധികൃതരുടെ അവഗണന. മികച്ച കർഷകനുള്ള കൃഷിവകുപ്പിന്റെ നിരവധി പുരസ്കാരങ്ങൾ നേടിയ വിൻസൺ എബ്രഹാമിന്റെ നേതൃത്വത്തിൽ പാടശേഖര സമിതിയാണ് പാടത്ത് നാലുമാസക്കാലം മുമ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഇരുപതോളം കർഷകരുടെ നിലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.
നവംബർ ആദ്യവാരത്തിൽ വിത്ത് വിതക്കാൻ പാകത്തിൽ മൂന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് പാടം ഒരുക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയെ തുടർന്ന് പാടത്ത് വെള്ളം കയറിയതിനാൽ നിലമൊരുക്കൽ പണി താൽക്കാലികമായി നിർത്തി. രണ്ടര അടിയോളം താഴ്ചയിൽ എക്കൽ നിറഞ്ഞ മണ്ണിലെ കാടുകൾ പറിച്ച് മാറ്റുകയാണ് ആദ്യ ജോലി. പിന്നീട് കൈച്ചാലുകൾ തെളിക്കണം, തോട്ടുവരമ്പ് പിടിക്കണം. പമ്പയാറിൽനിന്ന് ഇവിടേക്ക് ജലം ഒഴുകി എത്തുന്ന ചെറുതോടുകൾ മൂടി കിടക്കുകയാണ്. ഇത് തെളിച്ചെടുത്തെങ്കിൽ മാത്രമേ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കൂ. ഇതിനായി പമ്പ് സെറ്റ് സ്ഥാപിക്കുന്നത് അടക്കം നടപടികൾക്ക് കൃഷിവകുപ്പിൽനിന്ന് സഹായം ലഭ്യമാക്കണം എന്നാണ് കർഷകർ പറയുന്നത്.
വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഈ പാടശേഖരത്ത് ഇല്ലാത്തതും കർഷകർക്ക് തിരിച്ചടി ആകുന്നുണ്ട്. പാടം കൃഷിയോഗ്യമാക്കാൻ വൈദ്യുതി വകുപ്പ് കനിയണം. ഇതിനായി മൂന്ന് പോസ്റ്റുകൾ അധികമായി സ്ഥാപിക്കണം. ത്രിഫേസ് വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ പമ്പും മോട്ടോറും പ്രവർത്തിപ്പിക്കാനാകൂ. ത്രീ ഫേസ് കണക്ഷനായി ഒന്നര ലക്ഷം രൂപയോളം അടക്കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്. ഇത്രയും ഭീമമായ തുക നൽകിയാൽ കൃഷി നഷ്ടത്തിലാകുമെന്നും കർഷകർക്ക് ആശങ്കയുണ്ട്. തരിശുകിടക്കുന്ന പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്നതിനായി മുൻ കാലങ്ങളിൽ കൃഷിവകുപ്പിൽനിന്ന് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഇതും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് കൃഷിവകുപ്പ് കർഷകർക്ക് നൽകുന്ന മറുപടി.
വകുപ്പിൽനിന്ന് ആവശ്യമായ സഹായം ലഭിച്ചാൽ പാടശേഖരത്തിൽ ഈ സീസണിൽ 100 മേനി വിളയിക്കാൻ സാധിക്കും എന്നാണ് കർഷകരുടെ വിശ്വാസം. ഇവിടെ കൃഷി വിജയിച്ചാൽ സമീപത്തുള്ള 75 ഏക്കറിൽ തരിശു കിടക്കുന്ന കൊണ്ടൂർ പാടശേഖരത്തിനും ജീവൻ വെക്കുമെന്നും കർഷകർ പറയുന്നു.പാടശേഖരത്തിലെ കൃഷിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാൻ കൃഷി വകുപ്പുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.