ആലപ്പുഴ: ജില്ലയിൽ കുട്ടനാട് അടക്കം കൊയ്ത്ത് 75 ശതമാനം പിന്നിട്ടെങ്കിലും നെല്ലിന്റെ വില 10 ശതമാനം പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. പിന്നിട്ട ആഴ്ച തുടർച്ചയായ അവധി ദിനങ്ങൾ കാരണം കൊയ്ത്തും സംഭരണവും മന്ദഗതിയിലായിരുന്നു. മേയ് 15നകം കൊയ്ത്തും സംഭരണവും പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു.
ഇതിനകം 87,000 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 1,942 കർഷകരിൽനിന്നാണ് ഇത്രയും സംഭരിക്കാനായത്. വിലയായി 19.93 കോടി രൂപ നൽകിയതായി പാഡി മാർക്കറ്റിങ് അധികൃതർ പറഞ്ഞു. ഇതുവരെ സംഭരിച്ച നെല്ലിന്റെ കണക്കനുസരിച്ച് 245 കോടി രൂപയാണ് കൊടുത്തു തീർക്കേണ്ടത്.
വിവിധ ബാങ്കുകളുടെ കൺസോർഷ്യം തുക അനുവദിച്ച സാഹചര്യത്തിൽ വില ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. നെല്ലിന്റെ വില പാഡി റസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) വായ്പ അടിസ്ഥാനത്തിലാകും വിതരണം ചെയ്യുക. ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 700 മുതൽ 800 കോടി രൂപ വരെ സപ്ലൈകോക്ക് ലഭിക്കും. കർഷകർക്ക് നൽകുന്ന നെല്ല് സംഭരണ രസീതിയാണ് (പി.ആർ.എസ്) വായ്പക്ക് ഈടായി ബാങ്കുകൾ വാങ്ങുക. വായ്പയും പലിശയും സപ്ലൈകോ ബാങ്കിൽ തിരിച്ചടക്കും വരെ കർഷകർ കടക്കാരനായി തുടരും.
ഇത് കൃഷിക്കാരുടെ സിബിൽ സ്കോറിനെയും ബാധിക്കും. സപ്ലൈകോയുടെ കടമെടുപ്പ് പരിധി സംസ്ഥാന സർക്കാർ ഉയർത്താത്ത സാഹചര്യത്തിലാണ് പി.ആർ.എസ് ഈടായി നൽകി സപ്ലൈകോക്ക് കടമെടുക്കേണ്ടി വന്നത്.
മുമ്പ് പി.ആർ.എസ് വായ്പ രീതിയിൽ പണം നൽകിയത് സർക്കാർ കുടിശ്ശിക വരുത്തിയതോടെ നിലയ്ക്കുകയായിരുന്നു. പിന്നീട് നേരിട്ടുനൽകുകയും അതും നടക്കാതെ വന്നതോടെ കേരള ബാങ്കിൽനിന്ന് വില നൽകുകയും ചെയ്തു. വീണ്ടും പി.ആർ.എസ് രീതിയിൽ പണം നൽകാനാണ് നീക്കം. പി.ആർ.എസ് വഴി വില നൽകിയിരുന്നപ്പോൾ നെല്ല് കൊടുത്ത് 15 ദിവസത്തിനകം കർഷകർക്ക് പണം ലഭിച്ചിരുന്നു.
നിലവിൽ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് പണം അനുവദിച്ചത് സംബന്ധിച്ചോ പണം എന്നു കൊടുക്കാൻ പറ്റുമെന്നോ ഇതുവരെ സപ്ലൈകോ അധികൃതർക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. നെല്ല് കൊടുത്ത് ഒന്നരമാസമായി കാത്തിരിക്കുകയാണ് കർഷകർ. ഈസ്റ്ററിന് മുമ്പെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.
താമസിച്ച് വിത നടത്തിയ പാടശേഖരങ്ങളിൽ മാത്രമാണ് ഇനി കൊയ്ത്ത് നടക്കാനുള്ളത്. ഇത് ജില്ലയിലാകെ 3000 ഹെക്ടറിൽ താഴെയേ വരൂ. നെൽവില 19.93 കോടി നൽകിയെങ്കിലും കൈകാര്യച്ചെലവ് ലഭിച്ചു തുടങ്ങിയിട്ടില്ല. ക്വിന്റലിന് 12 രൂപ പ്രകാരമാണ് കർഷകർക്ക് കൈകാര്യച്ചെലവ് കിട്ടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.