നെടുമങ്ങാട്: നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണിയിൽ തിരുവോണദിനത്തിൽ കർഷകർ പട്ടിണിസമരം നടത്തി. ഇവിടെ കാർഷിക ഉൽപന്നങ്ങൾ എത്തിക്കുന്ന കർഷകർക്ക് കഴിഞ്ഞ അഞ്ചുമാസമായി പണം ലഭിക്കാത്തതിനെ തുടർന്നായിരുന്നു സമരം. 75 ലക്ഷം രൂപയാണ് കർഷകർക്ക് കിട്ടാനുള്ളത്.
കർഷകർക്കുള്ള പണം ഓണത്തിന് മുമ്പ് തന്നെ നൽകുമെന്നാണ് ഓഫിസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷകർ പണത്തിനായി ഓഫിസ് കയറിയിറങ്ങുകയാണ്. ഹോർട്ടികോർപാണ് ഇവിടെ കർഷകരിൽനിന്ന് പച്ചക്കറികൾ ശേഖരിക്കുന്നത്. ഓരോ ആഴ്ചയിലും ശേഖരിക്കുന്ന പച്ചക്കറിയുടെ പണം അടുത്ത ആഴ്ചയിൽ തന്നെ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ വർഷങ്ങളായി ഇത് മുടങ്ങിക്കിടക്കുകയാണെന്ന് കർഷകർ പറയുന്നു. പണം കടംവാങ്ങിയും പാട്ടത്തിന് ഭൂമിയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകരെയാണ് അധികൃതര്‍ കബളിപ്പിക്കുന്നത്. നേരത്തെ സമാനമായ സ്ഥിതിയുണ്ടായപ്പോള്‍ മനുഷ്യാവകാശ കമീഷന് ഇടപെട്ടാണ് കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കിയത്. പാട്ടകൃഷി നടത്തുന്ന തൊളിക്കോട് സ്വദേശി തങ്കപ്പന്, വാമനപുരം സ്വദേശി ഉണ്ണികൃഷ്ണന്, സുനില്‍കുമാര്‍, ഷെഫീക്ക് തുടങ്ങി 150ലധികം കര്‍ഷകരാണ് പണം കിട്ടാതെ കഷ്ടപ്പെടുന്നത്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ 2000ത്തിലധികം കര്‍ഷകര്‍ തങ്ങളുടെ ഉൽപന്നങ്ങള് വിപണനത്തിന് എത്തിച്ചിരുന്ന കേന്ദ്രമായിരുന്നു നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ്. എന്നാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞതോടെ കര്‍ഷകരുടെ എണ്ണം കുറഞ്ഞു. നിലവില്‍ 150ല്‍ താഴെ കര്‍ഷകരാണ് ഇവിടെയെത്തുന്നത്. അടിസ്ഥാനവില നിശ്ചയിച്ച് ലേലം നടത്തിയാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. മൂന്നുചന്ത കഴിയുന്നതോടെ പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നാലുമാസമായി ഇതും മുടങ്ങി. ഇവിടെ ശേഖരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിനാണ് കൈമാറുന്നത്. ഓരോ കര്‍ഷകര്‍ക്കും 60000 രൂപ മുതല്‍ രണ്ടരലക്ഷം വരെ കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.