പറവൂർ: ചെണ്ടുമല്ലി പൂകൃഷിയിൽ വിജയഗാഥയുമായി ചേന്ദമംഗലത്തെ കർഷകർ. നേന്ത്രവാഴ, പച്ചക്കറികൾ എന്നിവയിൽ ഒതുങ്ങി നിന്ന കർഷകർ പൂകൃഷിയിലൂടെ നല്ല നേട്ടമാണ് കൊയ്യുന്നത്. അത്യുൽപാദനശേഷി കൂടിയ ഇനങ്ങൾ കൃഷി ചെയ്യുന്നതിനാൽ അതിനനുസരിച്ച് പൂക്കളും ലഭിക്കുന്നുണ്ടെന്ന് 50 സെൻറ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തെക്കുംപുറം ചിറപ്പുറത്ത് ബൈജു പറയുന്നു. അപ്പോളോയിൽ ജോലി ചെയ്യുന്ന ബൈജു കഴിഞ്ഞ 25 വർഷമായി കൃഷിയിൽ സജീവമാണ്.
വാഴ, നെൽകൃഷി എന്നിവയിലെ മികവിന് ചേന്ദമംഗലം സർവിസ് സഹകരണ ബാങ്ക് നൽകുന്ന പുരസ്കാരം രണ്ടു തവണ ബൈജുവിനെ തേടിയെത്തി. കഴിഞ്ഞ വർഷം ചേന്ദമംഗലം പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും പ്രേരണയിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിജയം കണ്ടതാണ് ഈ വർഷവും പൂകൃഷി ചെയ്യാൻ പ്രേരണയായത്. കഴിഞ്ഞ ഓണക്കാലത്ത് കോവിഡ് പ്രതിസന്ധി നിലനിന്നിട്ടും മുഴുവൻ പൂക്കളും വിറ്റുപോകുകയും കിലോക്ക് 200 രൂപവരെ വില ലഭിക്കുകയും ചെയ്തു. ഭാര്യ സിജിയും മകൻ ദേവനാഥും സഹായവുമായി കൂടെയുണ്ട്. വികസന സമിതി അംഗങ്ങളായ ടി.എം. പവിത്രൻ, കെ.എസ്. ശിവദാസൻ എന്നിവരുടെ പിന്തുണ കൃഷി പരിപാലനത്തിൽ ബൈജുവിന് ലഭിക്കുന്നുണ്ട്.
നാല് യുവാക്കളുടെ കൂട്ടായ്മയാണ് മുണ്ടുരുത്തിയിൽ പൂകൃഷി ചെയ്യുന്നത്. പരിസ്ഥിതിദിനത്തിെൻറ ഭാഗമായി 10 സെൻറിൽ നട്ട 800 ചെണ്ടുമല്ലികളും പൂവണിഞ്ഞു കഴിഞ്ഞു. ഓണത്തിനു മുന്നേ പൂവിട്ടതിനാൽ വിലയിൽ കുറവ് വരുമെങ്കിലും പൂക്കൾ വിറ്റുപോകുന്നുണ്ടെന്ന് യുവാക്കൾ പറയുന്നു. സുജിത്ലാൽ, വിനീത്, ഹനീഷ്, ജിബിൻ എന്നിവർ ചേർന്നാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. മറ്റു ജോലികളുള്ള ഇവർ ഒഴിവു സമയം കണ്ടെത്തിയാണ് പൂച്ചെടികളെ പരിപാലിക്കുന്നത്. ഇവർക്ക് ആവശ്യമായ ചെടികൾ കൃഷി ഭവൻ സൗജന്യമായി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.