ആലപ്പുഴ: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാതെ കർഷകർ. ബാങ്കുകൾ വില നൽകാത്തതാണ് കർഷകരെ വലക്കുന്നത്. പുലിയൂർ, ചെന്നിത്തല, മാന്നാര്‍ എന്നിവിടങ്ങളിലെ കർഷകരാണ് ദുരിതത്തിലായത്. എസ്.ബി.ഐയാണ് പ്രധാനമായും തുക നൽകാതിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നാണ് എസ്.ബി.ഐ പുലിയൂര് ശാഖയിലെ മാനേജർ പറയുന്നത്. പാഡി രസീത് ഷീറ്റുമായി ബാങ്കിലെത്തിയ കര്‍ഷകരോട് പാഡി ഓഫിസില്‍നിന്ന് ലിസ്റ്റ് വന്നിട്ടില്ലെന്നും വരുന്നമുറക്ക് മാത്രമേ പണം നല്‍കാനാകൂവെന്നും പറഞ്ഞ് മടക്കിയയച്ച ബാങ്കുകളുമുണ്ട്.
ബാങ്കുകളുടെ കൺസോർട്യവും സർക്കാറും സപ്ലൈകോയും തമ്മിൽ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്. ബാങ്ക് നിലപാടിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള ധനസഹായം അന്വേഷിച്ച് എത്തിയവരെപ്പോലും പല ബാങ്കുകളും മടക്കിയയക്കുകയാണെന്നും പരാതിയുണ്ട്.
സംഭരിക്കുന്ന നെല്ലിന്റെ പണത്തിനു പകരമായി കര്‍ഷകര്‍ക്ക് നല്‍കുന്നത് തൂക്കം രേഖപ്പെടുത്തിയ പാഡി റസിപ്റ്റ് ഷീറ്റ് അഥവാ പി.ആര്.എസ് ആണ്. പി.ആര്.എസ് ബാങ്കില്‍ കൊടുക്കുമ്പോള്‍ രസീത് കൈപ്പറ്റി ബാങ്ക് മുൻകൂറായി കര്‍ഷകന്റെ അക്കൗണ്ടിലേക്ക് തുക അപ്പോള്‍തന്നെ വായ്പയായി അനുവദിക്കുകയും സർക്കാർ ഈ തുക ബാങ്കിന് പിന്നീട് നൽകുകയുമാണ് ചെയ്യുന്നത്. പി.ആര്.എസ് രസീതിന്റെ ഈടിൽ പണം വായ്പയായി നൽകാൻ തയാറാകാത്തതാണ് കർഷകരെ വലക്കുന്നത്. കർഷകർക്ക് തുക നൽകണമെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുള്ളതുമാണ്.
നെല്ല് സംഭരണവില കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാൻ എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച കണ്സോര്ട്യവുമായാണ് സപ്ലൈകോ കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. ഹരിപ്പാട് കനറാ ബാങ്കില്‍ പണം ലഭിക്കാൻ പി.ആര്.എസ് നല്കിയപ്പോള് പാഡി ഓഫിസില്‍നിന്ന് ലിസ്റ്റ് വന്നില്ലെന്ന മറുപടിയാണ് ചെന്നിത്തല ഒന്നാം ബ്ലോക്കിലെ കര്‍ഷകര്‍ക്ക് ലഭിച്ചത്. എന്നാൽ, പുലിയൂരിലെ കനറാ ബാങ്ക് ശാഖകളില്‍ പി.ആര്.എസ് സമര്‍പ്പിച്ചവര്‍ക്ക് പണം ലഭിച്ചു. അതേസമയം, എസ്.ബി.ഐ പുലിയൂര് ശാഖയില്‍ പി.ആര്.എസ് നല്‍കിയവര്‍ക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ല.
മില്ലുകാരുടെ ചൂഷണത്തിനു വഴങ്ങി അമിത കിഴിവിന് നെല്ല് നല്‍കിയത് കർഷകർക്ക് നഷ്ടം വരുത്തിയിരുന്നു. മില്ലുകാരുമായുള്ള തർക്കത്തെതുടർന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് വേനൽമഴയിൽ നനയുന്ന സാഹചര്യവുമുണ്ടായി. ഈ നഷ്ടങ്ങളെല്ലാം കഴിച്ചുള്ള തുകയാണ് ഇപ്പോൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. കടക്കെണിയിലായ കര്‍ഷകര്‍ ബാങ്കില്‍നിന്ന് ലഭിക്കുന്ന തുക ആശ്വാസമാകുമെന്ന് കരുതിയപ്പോഴാണ് ബാങ്കുകാരുടെ നിസ്സഹകരണം തിരിച്ചടിയായത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ സർക്കാർ സംവിധാനങ്ങളും പ്രശ്നത്തെ ഗൗരവത്തോടെ കണ്ടില്ല. ഇപ്പോൾ പുഞ്ചക്കൊയ്ത്ത് പൂർത്തിയാക്കുകയും മൂന്നുമാസമായിട്ടും വിലകിട്ടാതെ വന്നതോടെയാണ് പരാതിയുമായി കർഷകർ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.