തൊടുപുഴ: വേനൽ ഇടുക്കിയിൽ കശക്കിയെറിഞ്ഞത് ആയിരക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ്. കൊടുചൂടിൽ തങ്ങൾ സ്വപ്നം കണ്ട വിളകളെല്ലാം കരിഞ്ഞുണങ്ങുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിയുന്നുള്ളൂ. പലരും വ്യക്തിഗത വായ്പ വാങ്ങിയും ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ലോണെടുത്തുമാണ് കൃഷിയിറക്കിയത്. വേനൽ മഴ എന്ന പ്രതീക്ഷയും കൈവിട്ടതോടെ ഇനി എന്ത് ചെയ്യുമെന്നാണ് ഇവരുടെ ചോദ്യം. മുമ്പെങ്ങും ഉണ്ടാകാത്ത ഈ ഉണക്കിനെ എങ്ങനെ പ്രതിരോധിക്കണമെന്നും ഇവർക്കറിയില്ല.
ജില്ലയിൽ ഏലകൃഷി ചരിത്രത്തിലെങ്ങുമില്ലാത്ത വരൾച്ചയെയാണ് നേരിടുന്നത്. കടുത്ത ചൂടിൽ കരിഞ്ഞുണങ്ങുകയാണ് ഏലക്കാടുകൾ. ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24 ഡിഗ്രി സെൽഷ്യസ് വരെയാണ്. പലയിടങ്ങളിലും ഇപ്പോഴത്തെ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. ഏലത്തിന് മാത്രം ജില്ലയിൽ 12.17 കോടിരൂപയുടെ നാശനഷ്ടമാണുണ്ടായത്.
1738.94 ഹെക്ടറിലാണ് ആകെ കൃഷി നാശം. കൃഷി വകുപ്പിന്റെ കണക്ക് ഇതാണെങ്കിലും യഥാർഥ കണക്ക് അതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചിന്റെ പല മേഖലകളിലും വേനൽമഴ ലഭിച്ചെങ്കിലും ഏലത്തിന്റെ മുഖ്യ ഉൽപാദന മേഖലകളായ പാമ്പാടുംപാറ, പുളിയൻമല, കട്ടപ്പന, കമ്പംമെട്ട്, വണ്ടൻമേട്, ആനവിലാസം, കുമളി മേഖലകളിൽ ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഏലച്ചെടിയുടെ ചുവട് ഉൾപ്പെടെ ഉണങ്ങി നശിച്ചതിനാൽ പുതുതായി ഏലച്ചെടികൾ കൃഷി ചെയ്തെങ്കിൽ മാത്രമേ പല കൃഷിയിടങ്ങളിലും ഇനി വിളവ് ലഭിക്കുകയുള്ളൂ. കനത്ത ചൂടിൽ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടത് ഏലം മേഖലയ്ക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. ചെറിയ ജലസ്രോതസ്സുകളും കിണറുകളും കുളങ്ങളുമെല്ലാം ഏപ്രിൽ പകുതിയാകും മുമ്പ് തന്നെ വറ്റിയിരുന്നു. തോട്ടങ്ങളിലും മറ്റും കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ളവയെ ആശ്രയിച്ച് കൃഷി നനക്കാൻ ശ്രമം നടത്തിയെങ്കിലും അവയും വേഗത്തിൽ വറ്റി.
പച്ച നെറ്റുകൾ ഉപയോഗിച്ച് തണൽ ഒരുക്കുന്നുണ്ടെങ്കിലും അതും കാര്യമായി പ്രയോജനം ചെയ്യുന്നില്ല. ഏലച്ചെടികളിലേക്ക് നേരിട്ട് ചൂട് അടിച്ചതാണ് കൃഷി നശിക്കാൻ ഇടയാക്കിയത്. ഉണങ്ങി നശിച്ച ചെടികൾ പൂർവസ്ഥിതിയിൽ ഉൽപാദനക്ഷമം ആകണമെങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണം.
തൊടുപുഴ: കടുത്ത വരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ ആഘാതം വിലയിരുത്തുത്തതിനായി കൃഷി മന്ത്രിയുടെ നിർദേശപ്രകാരം കാർഷിക വിദഗ്ധർ ഉൾപ്പെടുന്ന ഉന്നതതല സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പ്രദേശത്ത് സന്ദർശനം നടത്തുന്നു. ഏലം, കുരുമുളക് അടക്കമുള്ള കൃഷികൾ വൻതോതിലാണ് ഈ പ്രദേശത്ത് നശിച്ചത്. ജില്ലയിൽ 44.5 കോടിയുടെ കൃഷിനാശമുണ്ടയാതായാണ് കണക്ക്. കൃഷിയിടങ്ങളും കർഷകരെയും നേരിൽ സന്ദർശിച്ച് സംഘം വിവരങ്ങൾ ശേഖരിച്ച് സർക്കാറിന് സമർപ്പിക്കും.
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ തൈകൾ ചൂട് താങ്ങാനാകാതെ ഉണങ്ങിക്കരിയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മൂന്ന് വർഷം വരെ പ്രായമായ കുരുമുളക് തൈകൾ നട്ട് പരിപാലിച്ച കർഷകർക്ക് കനത്ത ചൂട് വലിയ നഷ്ടമാണ് നൽകിയത്. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ കുരുമുക് ചെടികളും കൂടുതലാലി ഉണങ്ങും. പ്രദേശിക വിപണിയിൽ കുരുമുളകിന് വില ഉയരുമ്പോഴാണ് ചൂട് വെല്ലുവിളി സൃഷ്ടിക്കുന്നത്. കഠിനമായ ചൂടിൽ ജാതി മരങ്ങളും ഉണങ്ങിക്കരിഞ്ഞ് നിൽക്കുകയാണ്.
മുൻ കാലങ്ങളിലൊക്കെ വരൾച്ചയെ കർഷകർ ഒരു പരിധി വരെ നേരിട്ടിരുന്നെങ്കിലും ഇത്തവണ കരിഞ്ഞുണങ്ങുന്ന കൃഷിയിടം നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. കായ്ഫലമുള്ള ജാതികളാണ് കൂടുതലായി നശിച്ചത്. ഇനിയും മഴ ലഭിക്കാതിരുന്നാൽ നഷ്ടത്തിന്റെ കണക്ക് ഇനിയും വർധിക്കുമെന്ന് കർഷകർ പറയുന്നു.
കാലാവസ്ഥ മാറ്റത്തെ തുടർന്ന് ഏപ്രിൽ മാസത്തിലെ കൊളുന്ത് ലഭ്യത മറ്റ് മാസങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെയെത്തി. മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആവശ്യത്തിന് വേനൽ മഴ ലഭിച്ചിരുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലും മൺസൂൺ കഴിഞ്ഞുള്ള ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും കൊളുന്ത് ഉൽപാദനം കൂടിയിരുന്നു. വേനൽ മഴ ലഭിച്ചുകഴിഞ്ഞ് മാർച്ചിൽ വളമിടൽ നടക്കും. തുടർന്നാണ് കൊളുന്ത് തഴച്ചുവളരുന്നത്. എന്നാൽ, ഇത്തവണ വേനൽ മഴ ലഭിക്കാതെ വന്നതോടെ കൊളുന്ത് തീരെ ഇല്ലാത്ത സ്ഥിതിയാണ്. കൊളുന്തിന്റെ ലഭ്യതക്കുറവ് കാരണം കമ്പനികൾക്കെല്ലാം ഇത്തവണ തേയില ഉൽപാദനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറവുണ്ടായതായും പറയുന്നു. മുൻവർഷങ്ങളിലെ അപേക്ഷിച്ച് തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അധിക വരുമാനവും ഇത്തവണ ഇല്ലാതായി.
ഏലം, കുരുമുളക്, ജാതിപത്രി ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുമ്പോഴും കാലാവസ്ഥ വ്യതിയാനവും ഉൽപ്പന്നം ഇല്ലാത്തതും മൂലം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഉൽപാദനച്ചിലവ് ഓരോ തവണയും വർധിക്കുകയാണ്. വിളവുളളപ്പോൾ വിലയും വിലയുള്ളപ്പോൾ വിളവുമില്ലാത്ത അവസ്ഥയാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്. ചൂടും വരൾച്ചയും തന്നെയാണ് പ്രധാന വില്ലൻ. മുൻ വർഷങ്ങളിൽ യഥാസമയം മഴ ലഭിച്ചിരുന്നതിനാൽ ഇത്രയും പ്രതിസന്ധിയുണ്ടായിരുന്നില്ല. ഇത്തവണ തുലാമഴയിൽ കുറവുണ്ടായെന്ന് മാത്രമല്ല വേനൽമഴ ലഭിച്ചുമില്ല. ഇടുക്കി പദ്ധതി മേഖലയിൽതന്നെ വേനൽമഴയുടെ വൻ കുറവുണ്ടായി.
ചെറുതോണി: ഇടുക്കി ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സി.പി.എം ജില്ല സെക്രെട്ടറിയേറ്റ് അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര കൃഷി മന്ത്രിക്കും വാണിജ്യ വകുപ്പു മന്ത്രിക്കും ഇമെയിൽ വഴി നിവേദനം നൽകി. പുനർകൃഷിക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് കർഷകരെ സംരക്ഷിക്കണം. പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്തെ ഏലം കൃഷി ഉണങ്ങി. സ്പൈസസ് ബോർഡ് വഴി അടിയന്തിര സഹായം നൽകാൻ കേന്ദ്രം തയാറാകണം. കടുത്ത വരൾച്ചയെ ആണ് ജില്ല നേരിടുന്നത്. വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം.
കേന്ദ്ര സർക്കാരിന് വർഷം തോറും വൻതുകയുടെ വിദേശ നാണ്യം നേടിക്കൊടുക്കുന്ന ഇടുക്കിയിലെ കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.