തൊടുപുഴ: ഭൂപതിവ് ചട്ടങ്ങളിലെ അശാസ്ത്രീയതയും നിർമാണ നിരോധനവും കരുതൽ മേഖലയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും നിലനിൽക്കുന്നതിനിടെ, ജില്ലയിൽ പട്ടയത്തിനായുള്ള കർഷകരുടെ കാത്തിരിപ്പും നീളുന്നു. ഏറ്റവും ഒടുവിലെ സർക്കാർ കണക്ക് പ്രകാരം പട്ടയത്തിന് 42,653 അപേക്ഷ ലഭിച്ചിട്ടുണ്ട്.
അനൗദ്യോഗിക അപേക്ഷകരുടെ എണ്ണം ഇതിലധികമാകാനാണ് സാധ്യത. നിരവധി പട്ടയമേളകൾ നടന്നിട്ടും സംസ്ഥാനത്ത് പട്ടയത്തിന് അപേക്ഷിച്ചവരിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് ജില്ല.
ഓരോ പ്രദേശത്തും നിലനിൽക്കുന്ന നിയമക്കുരുക്കുകളും ഭൂരേഖകളിലെ അവ്യക്തതയും സർക്കാർ നടപടികളുടെ മെല്ലെപ്പോക്കും പട്ടയ വിതരണം വൈകിക്കുന്നു.
പട്ടയം കിട്ടാനുള്ളവരിൽ വർഷങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയവരുമുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 37815, രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ നൂറുദിന കർമ പരിപാടിയിൽ 2423 പട്ടയങ്ങൾ വിതരണം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. കുടിയേറ്റ മേഖലയിലെ കൈവശഭൂമിക്കുള്ള 42,653 പട്ടയ അപേക്ഷകളിൽ ഇനിയും തീർപ്പായിട്ടില്ല.
വനം വകുപ്പിന്റെ ജണ്ടക്ക് പുറത്തുള്ള കൈവശഭൂമിക്ക് പട്ടയം നൽകാമെന്ന സർക്കാർ ഉത്തരവ് സൃഷ്ടിച്ച ആശയക്കുഴപ്പം ചില വില്ലേജുകളിൽ പട്ടയവിതരണ നടപടികൾ താളംതെറ്റാൻ കാരണമായി. ജണ്ടക്ക് പുറത്തുള്ള കൈവശഭൂമിയാണെങ്കിലും രേഖകളിൽ സംരക്ഷിത വനം എന്ന് രേഖപ്പെടുത്തിയ നിരവധി സ്ഥലങ്ങളുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഇവിടെ പട്ടയം നൽകിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് വിദഗ്ധ അഭിപ്രായം ഉണ്ടായതോടെ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് കലക്ടർ സർക്കാറിന് കത്തെഴുതിയിരുന്നു.
ജില്ലയിൽ പട്ടയത്തിനായി അപേക്ഷ നൽകി പതിറ്റാണ്ടുകളായി കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലുള്ളവരാണ്. മാറിമാറി വരുന്ന സർക്കാറുകൾ കൊട്ടിഗ്ഘോഷിച്ച് സംഘടിപ്പിക്കുന്ന പല പട്ടയമേളകളിലും പ്രഖ്യാപിക്കുന്നതിന്റെ പകുതിയിൽ താഴെ മാത്രമേ വിതരണം ചെയ്യാറുള്ളൂ. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പത്ത് ചെയിൻ മേഖലയിലും പട്ടയത്തിന് കാത്തിരിക്കുന്നവർ ഏറെയാണ്.
ജില്ലയിലെ ഏഴ് ഭൂപതിവ് ഓഫിസുകൾ വഴിയാണ് പട്ടയ അപേക്ഷ സ്വീകരിക്കുന്നത്. പരിശോധനക്കുശേഷം അപേക്ഷ തുടർനടപടികൾക്ക് സർവേ സൂപ്രണ്ടിന്റെ ഓഫിസിന് കൈമാറും. എന്നാൽ, പല താലൂക്കുകളിലും സർവേ കാര്യക്ഷമമായി മുന്നോട്ടു പോകുന്നില്ല.
അപേക്ഷകളിൽ വിശദ അന്വേഷണം നടത്തിയാണ് പട്ടയത്തിന് അർഹരായവരെ കണ്ടെത്തുന്നത്. നിയമാനുസൃതം നോട്ടീസ് പുറപ്പെടുവിച്ചും ഭൂപതിവ് കമ്മിറ്റി യോഗം ചേർന്നും ചില കേസുകളിൽ സർവേ നടത്തിയും ലാൻഡ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള പട്ടയ കേസുകളിൽ അപേക്ഷകരിൽനിന്ന് നേരിട്ട് തെളിവെടുത്തുമാണ് അപേക്ഷ തീർപ്പാക്കുന്നത്.
കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ട് അർഹരായ കുടിയേറ്റ കര്‍ഷകർക്ക് പട്ടയം നൽകുമെന്നും പട്ടയ വിതരണത്തിനായി ആരംഭിച്ച സ്പെഷല്‍ ഭൂപതിവ് ഓഫിസുകള്‍ നിര്‍ത്തലാക്കില്ലെന്നും കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചിരുന്നു.
നടപടി പുരോഗമിക്കുന്നു-കലക്ടർ
ജില്ലയിൽ തീർപ്പാക്കാനുള്ള അപേക്ഷകളിൽ പട്ടയങ്ങൾ ഘട്ടംഘട്ടമായി വിതരണം ചെയ്യാൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കലക്ടർ ഷീബ ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു.
ജനുവരിയിൽ പട്ടയ മേള നടത്താൻ ആലോചിക്കുന്നുണ്ട്. 1993ലെയും 1964ലെയും ഭൂപതിവ് ചട്ടപ്രകാരമുള്ള എല്ലാ അപേക്ഷകളും ഭൂപതിവ് ഓഫിസുകളിൽ സ്വീകരിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.