പാലക്കാട്: ‘എന്തുകൃഷിചെയ്താലും കാട്ടുപന്നി അത് വച്ചേക്കില്ല. പറമ്പിൽ ഒടുക്കം തെങ്ങ് വെക്കുകയായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പന്നികളെത്തി കുത്തിമറിച്ചിട്ട് തെങ്ങിൻ തൈയുടെ ചുവട് കഴിച്ച് മടങ്ങി. റബറാണ് പുതിയ പരീക്ഷണം. പക്ഷേ അതത്ര ലാഭമുള്ള പണിയല്ലാത്തോണ്ട് അധികം നട്ടിട്ടില്ല.’ ജോർജ് തുടർന്നു. മലമ്പുഴ ഡാം സമൃദ്ധമാക്കുന്ന കാർഷികമേഖലയിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് ജോർജ് സ്ഥലം വാങ്ങിയത്.
എന്നാൽ ഇന്ന് ഭേദപ്പെട്ട വില കിട്ടിയാൽ വിറ്റൊഴിവാകണമെന്നാണ് ജോർജടക്കം കർഷകരുടെ ആഗ്രഹം. ആനയും പുലിയുമടക്കം മിക്ക വന്യമൃഗങ്ങളും ഇവിടെ നാടിറങ്ങുന്നത് പതിവാണ്. ജില്ലയുടെ കാർഷികമേഖലയിൽ മിക്കയിടത്തും സമാനമാണ് സ്ഥിതി. ഏറ്റവുമധികം കൃഷിനാശം വരുത്തുന്നത് പന്നിയാണെന്ന് കർഷകർ പറയുന്നു.
2020 മേയിലാണ് കാട്ടുപന്നികളെ നിബന്ധനകളോടെ വെടിവച്ച് കൊല്ലാനുള്ള അനുമതി ലഭിച്ചത്. പിന്നീടുള്ള ഒരുവർഷം മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 196 കാട്ടുപന്നികളെ കൊന്നൊടുക്കി. വെടിവെച്ച് കൊല്ലാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ 2022ൽ 9,85 പന്നികളെയും കഴിഞ്ഞ വർഷം 1,555 എണ്ണത്തെയും കൊന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ സർക്കിളിൽ വിവിധ മേഖലകളിലായി കൊന്നൊടുക്കിയത് 2,736 പന്നികളെയാണെന്ന് വനംവകുപ്പിന്റെ കണക്കുകൾ പറയുന്നു. എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ മലമ്പുഴയിലും ധോണിയിലും കാര്യമായ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. ഇവിടങ്ങളിൽ 50ൽ താഴെ പന്നികളെ മാത്രമാണ് ഇതുവരെയായി കൊന്നത്.
നാലുവർഷത്തിനിടെ കാട്ടുപന്നികളുടെ ശല്യം കാരണം ജില്ലയിൽ നെൽകൃഷി ഉൾപ്പെടെ 176 ഏക്കർ നശിച്ചതായും വനം വകുപ്പിന്റെ രേഖകളിലുണ്ട്. പട്ടാമ്പി നഗരസഭ പരിധിയിൽ 250 കാട്ടുപന്നികളെയും ഒറ്റപ്പാലത്ത് 175 എണ്ണത്തിനെയും കൊന്നതായാണ് കണക്ക്. പത്തുവർഷത്തിനിടെ 8,557 പേർ വന്യജീവികളുടെ ആക്രമണത്തിനിരയായി. ആറുമാസത്തിനിടെ ജില്ലയിൽ 32 പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഒരാൾ മരിച്ചതായും കണക്കുകൾ പറയുന്നു.
മൂന്ന് വർഷത്തിനിടെ കാട്ടുപന്നികളുടെ എണ്ണത്തിൽ പത്തിരട്ടിയിലേറെ വർധനയുണ്ടായതായാണ് അധികൃതരുടെ അനുമാനം. കാട്ടുപന്നികളുടെ എണ്ണം സംബന്ധിച്ച് വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കില്ല. ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി 2022ൽ നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
കൃഷി നശിപ്പിക്കുന്നതിൽ കാട്ടാന കഴിഞ്ഞാൽ രണ്ടാമനാണ് കാട്ടുപന്നി. ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ 69 വില്ലേജുകൾ ഹോട്ട് സ്പോട്ടായി കണ്ടെത്തിയിട്ടുണ്ട്.
അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളും പാലക്കാട് താലൂക്കിലെ 16ഉം ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്. ജില്ലയിൽ കൃഷി നശിപ്പിക്കുന്നതിൽ മയിൽ മൂന്നും കുരങ്ങൻ നാലും സ്ഥാനത്താണ്. തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവെക്കാം. 1,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക.
പ്രതിഫലം കുറവായതുകൊണ്ട് തന്നെ ആളെ കിട്ടാനില്ലെന്നാണ് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ ചുമതല നൽകിയിട്ടുള്ള തദ്ദേശ സെക്രട്ടറിമാർ പറയുന്നത്.
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ ഇടക്കുർശ്ശിക്കടുത്ത് മുട്ടിക്കൽ കണ്ടം മേഖലയിൽ കാട്ടുപന്നികൾ നൂറോളം വാഴകൾ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമാക്കി വിളവിറക്കിയ കർഷകരുടെ നേന്ത്രവാഴകളാണ് നശിപ്പിച്ചത്. കരിമ്പ സ്വദേശികളായ സുരേഷ് , എം. അവറാച്ചൻ എന്നിവരുടെതടക്കം നൂറോളം വാഴകൾ പൂർണമായും നശിപ്പിച്ചു.
വൻ തുക ചെലവഴിച്ച് കൃഷിയിറക്കിയ പാടശേഖരങ്ങളിലാണ് കാട്ട് പന്നികളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം ചെമ്പൻതിട്ട ഭാഗത്ത് ബൈക്ക് യാത്രികൻ കാട്ടുപന്നിക്ക് മുന്നിൽ പെട്ടിരുന്നു. ഒരാഴ്ച മുമ്പാണ് കല്ലടിക്കോട് കനാൽ തീരത്ത് പന്നി ഓട്ടോക്ക് കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റത്.
കൂറ്റനാട്: ചാലിശേരി പഞ്ചായത്തില് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കൃഷിനാശം വർധിച്ചതോടെയാണ് കർഷകർ അധികാരികളുടെ സഹായം തേടിയത്. ആദ്യഘട്ടത്തിൽ മൂന്നാം വാർഡ് കിഴക്കേ പട്ടിശ്ശേരി പാടശേഖരസമിതി നിർദേശപ്രകാരം പെരിന്തൽമണ്ണ സ്വദേശി വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘം കാട്ടുപന്നികളെ പിടികൂടി.
ആറെണ്ണത്തെ വെടിവെച്ചുകൊന്ന് അതേ വാർഡിൽത്തന്നെ സംസ്കരിച്ചു. ഇതിനായി കർഷകർ കാൽലക്ഷത്തോളം രൂപ പിരിച്ചെടുത്ത് വേട്ടക്കാർക്ക് നൽകിയത്. രണ്ടാഘട്ടത്തിൽ 11ാം വാർഡിലെ പാടശേഖര സമിതി അംഗങ്ങൾ പന്നികളെ പിടികൂടാനുള്ള ഒരുക്കത്തിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ, വൈസ് പ്രസിഡന്റ് സാഹിറ കാദർ, പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത് കുമാർ, റംല വീരാൻകുട്ടി, പഞ്ചായത്ത് കോഓഡിനേറ്റർ പ്രദീപ് ചെറുവാശേരി, കൃഷി ഓഫിസർ സുദർശൻ രാമകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് പി. ലിംലി എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.