ആലത്തൂർ: രാസവളക്ഷാമം കർഷകരെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ കൃഷി വകുപ്പ് പുതിയ നിർദേശവുമായി രംഗത്ത്. ഇലകളിൽ തളിക്കുന്ന വളപ്രയോഗമാണ് കൃഷി വകുപ്പ് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഉൽപാദന വിപണന സഹകരണ സ്ഥാപനമായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസേർ കോഓപറേറ്റിവ് ലിമിറ്റഡ് (ഇഫ്കോ) കുറഞ്ഞ ചെലവിൽ ഇലകളിൽ തളിക്കുന്ന വളങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
കൃത്യമായ വളർച്ച ഉറപ്പാക്കാൻ നെല്ലിന്റെ വളർച്ചാ ഘട്ടത്തിൽ ഇലകളിൽ വളങ്ങൾ തളിക്കാവുന്നതാണെന്ന് കൃഷി വകുപ്പ് നിർദേശിച്ചു. നാനോ വളങ്ങൾ എന്നാണിതിന്റെ പൊതുവായ പേര്. ഒരു ചാക്ക് യൂറിയ മണ്ണിൽ ചേർക്കുന്നതിന് പകരം 500 മില്ലി നാനോ യൂറിയലിക്വിഡ് ഇലകളിൽ തളിച്ച് കൊടുക്കാം. യൂറിയ മണ്ണിൽ ചേർക്കുമ്പോൾ 30-40 ശതമാനമാണ് ഫലപ്രാപ്തിയെങ്കിൽ ഇലകളിൽ തളിച്ചുകൊടുക്കുമ്പോൾ 80 ശതമാനം ഫലപ്രാപ്തി ഉറപ്പാക്കാനാകുമെന്നാണ് പറയുന്നത്. നെല്ലിൽ പരമാവധി ചിനപ്പ് പൊട്ടുമ്പോഴോ അടിക്കണ രൂപംകൊള്ളുന്നതിനു മുമ്പോ ഒരു ഏക്കറിന് 500 മില്ലി നാനോ യൂറിയ ലിക്വിഡ് 100 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. നാനോ യൂറിയ ലിക്വിഡ് 500 മില്ലി ബോട്ടിലിന് 240 രൂപയാണ് വില.
സൾഫേറ്റ് ഓഫ് പൊട്ടാഷ്
പൊട്ടാഷ് വളത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് എന്ന വളവും ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. സൾഫേറ്റ് ഓഫ് പൊട്ടാഷ് വളത്തിൽ 50 ശതമാനം പൊട്ടാസ്യം , 17.5 ശതമാനം സൾഫർ എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു ഏക്കറിന് ഒരു കിലോഗ്രാം സൾഫേറ്റ് ഓഫ് പൊട്ടാഷ് 100 ലിറ്റർ വെള്ളത്തിൽ കലർത്തി ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ രൂപംകൊള്ളുന്ന സമയത്തും പാലുറക്കുന്നതിനു മുമ്പായും ഇലകളിൽ തളിച്ച് കൊടുക്കുന്നത് മണ്ണിൽ പൊട്ടാഷ് ചേർക്കുന്നതിന് പകരമാകുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു കിലോഗ്രാമിന് 86 രൂപയാണ് വില.
19 :19 :19 വളക്കൂട്ട്
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ വളങ്ങൾ 19 ശതമാനം വീതം അടങ്ങിയ വെള്ളത്തിൽ അലിയുന്ന ഇലകളിൽ തളിക്കാവുന്ന വളക്കൂട്ടാണ്. ഏക്കറിന് ഒരു കിലോഗ്രാം 19 :19 :19 വളക്കൂട്ട് 100 ലിറ്റർ വെള്ളത്തിൽ കലർത്തി ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ രൂപംകൊള്ളുന്ന സമയത്തും തളിക്കാം. ഒരു കിലോഗ്രാമിന് 95 രൂപയാണ് വില.
കാത്സ്യം നൈട്രേറ്റ്
കാത്സ്യം കുറഞ്ഞ മണ്ണിൽ കുമ്മായം ഇടുക മാത്രമാണ് പ്രതിവിധി. എന്നാൽ, സമയത്തു നല്ല കുമ്മായം ലഭിക്കാനുള്ള അഭാവം പരിഹരിക്കാൻ കാത്സ്യം നൈട്രേറ്റ് എന്ന വളക്കൂട്ട് ഏക്കറിന് 500 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ ചിനപ്പുകൾ കൂടുതൽ പൊട്ടുന്നതിനു സഹായകരമാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. ഒരു കിലോഗ്രാമിന് 70 രൂപയാണ് വില.
ബോറോൺ ഫെർട്ടിലൈസേർ
അഗ്രമുകുളങ്ങളുടെ വളർച്ചക്ക് പ്രധാനപ്പെട്ട മൂലകമാണ് ബോറോൺ. നെല്ലിന്റെ കതിര് നന്നായി രൂപപ്പെടാനും കതിരിൽ മണികൾ ശരിയായി രൂപപ്പെടാനും പതിര് കുറയാനും ബോറോൺ എന്ന മൂലകം വളരെ പ്രധാനമാണ്. 250 ഗ്രാം വീതം ബോറോൺ ഫെർട്ടിലൈസേർ അടിക്കണ രൂപംകൊള്ളുന്ന സമയത്തും പാലുറക്കുന്നതിനു തൊട്ടു മുമ്പായും ഇലകളിൽ തളിക്കാം. ഒരു കിലോഗ്രാമിന് 120 രൂപയാണ് വില. ഇഫ്ക്കോയുടെ ഇലകളിൽ തളിക്കുന്ന വളങ്ങൾ വളം വിൽപനശാലങ്ങളിൽ ലഭ്യമാണെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.