പത്തനംതിട്ട: മഴയൊഴിഞ്ഞ് മാനം തെളിഞ്ഞിട്ടും നെൽകർഷകരുടെ മനം തെളിയുന്നില്ല. മഴക്കാലത്ത് പാടങ്ങൾ മുങ്ങി കൃഷി നശിച്ചിരുന്നു. ഇപ്പോൾ പാടത്ത് കൃഷിക്ക് അനുയോജ്യമായ വെള്ളമാണുള്ളത്. എന്നാൽ, രാസവള വിലവർധന കർഷകർക്ക് താങ്ങാവുന്നതിലും അധികമാണ്. ജില്ലയിലെ പ്രധാന പാടശേഖരങ്ങളായ അപ്പർകുട്ടനാട്ടിലും കൊടുമണ്ണിലും കർഷകർ കൃഷിയിറക്കാൻ പണമില്ലാതെ വലയുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ആദ്യവിതയെല്ലാം വെള്ളത്തിലാക്കിയിരുന്നു. ഇത് കനത്ത നഷ്ടമാണ് കർഷകർക്കുണ്ടാക്കിയത്. വീണ്ടും കൃഷിയിറക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ വകയായി രാസവള വിലവർധന. 1100 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 1200 രൂപയും 800 രൂപ മാത്രം വിലയുണ്ടായിരുന്ന പൊട്ടാഷിന് 1750 രൂപയുമായി വർധിപ്പിച്ചു. ഇത് കർഷകന് താങ്ങാവുന്നതിലധികമാണ്. മറ്റു സ്ഥലങ്ങളിൽ കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് കർഷകർ പാടം ഉപേക്ഷിക്കുമ്പോഴും കൃഷി ജീവനോപാധിയായി പാലിക്കുന്നവരാണ് അപ്പർകുട്ടനാട്ടിലെയും കൊടുമണ്ണിലെയും കർഷകർ. രാസവളം ഇറക്കുമതി ചെയ്യാനുള്ള അവകാശം സ്വകാര്യ മുതലാളിമാർക്കും കമ്പനികൾക്കും കൊടുക്കുന്നതിന് മുന്നോടിയാണ് ഇപ്പോഴുള്ള വില വർധനവെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കൃഷിക്കാരന് കൊടുക്കുന്ന പരിമിത സബ്സിഡി രാസവളത്തിെൻറ വിലവർധനവിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. വളം വിലവർധനവിലൂടെ കൃഷിയുപേക്ഷിക്കാൻ കർഷകനെ നിർബന്ധിക്കുകയാണെന്നും അവർ പറയുന്നു. വിലവർധന കാരണം പൂട്ടുകൂലിയും വർധിക്കുന്ന സ്ഥിതിയാണ്. ആദ്യ വിതയെല്ലാം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. പിന്നീട് രണ്ടും മൂന്നും തവണ വിതച്ചു. അപ്പോഴെല്ലാം വളമിടേണ്ടിവന്നു. ഇത് കൃഷിച്ചെലവ് കൂട്ടി. നവംബറിൽ വിതക്കേണ്ടിയിരുന്ന നിരണത്തെ പാടശേഖരങ്ങളിൽ ഒന്നര മാസത്തോളം വൈകി ഇപ്പോഴാണ് നിലമൊരുക്കാൻ തുടങ്ങിയത്. ജനുവരി മാസത്തിൽ വിതച്ചാൽ വേനൽമഴ വില്ലനാകുമോ എന്ന ഭയത്തോടെയാണ് കർഷകർ നിലമൊരുക്കുന്നത്. ഒരാഴ്ചക്കുള്ളിൽ വിത പൂർണമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ഏറ്റവും ഒടുവിൽ ഉണ്ടായ ന്യൂനമർദവും വെള്ളപ്പൊക്കവും നിമിത്തമാണ് അപ്പർകുട്ടനാട്ടിൽ കൃഷി വൈകിയത്. നിലമൊരുക്കി വിത്ത് വിതക്കുന്ന സമയത്തുതന്നെ പെട്ടിയും പറയും സ്ഥാപിച്ച് ബണ്ടുകൾ ബലപ്പെടുത്തുന്നതും തോടുകൾ വീണ്ടെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.