തീവിലയുമായി മാമ്പഴ രാജാവ്​ വരവറിയിച്ചു; ഒന്നിന്​ 300 രൂപ!

പുണെ: ഈ വർഷത്തെ ആദ്യ ദേവഗഡ് അൽഫോൻസാ മാമ്പഴപ്പെട്ടിക്ക്​ പൂ​ണെ മാർക്കറ്റിൽ വരവേൽപ്​. 60എണ്ണമടങ്ങിയ ആദ്യ പെട്ടി 18,000 രൂപക്കാണ്​ വിറ്റുപോയത്​. ഒന്നിന്​ 300 രൂപ!. സാധരണ 12 എണ്ണത്തിന്​ 300 രൂപ മുതൽ 500 രൂപ വരെയാണ്​ ചില്ലറ വിൽപന വില. തുടക്കമായതിനാലാണ്​ ഇത്തവണ വൻ വില ലഭിച്ച​തെന്ന്​ കച്ചവടക്കാർ പറഞ്ഞു.

മാമ്പഴത്തിന്‍റെ ആദ്യ പെട്ടി ഞായറാഴ്ചയാണ്​ പൂണെ ചന്തയിലെത്തിയത്​. സിന്ധുദുർഗ് ജില്ലയിലെ ദേവ്ഗഢ് താലൂക്കിലെ കുംകേശ്വർ ഗ്രാമത്തിൽ നിന്ന് രാംഭവു സാവന്ത് എന്ന കർഷകന്‍റെ തോട്ടത്തിൽ വിളഞ്ഞതാണിവ. സാധാരണ ഫെബ്രുവരി മുതലാണ് മാമ്പഴം മാർക്കറ്റിലെത്താറുള്ളത്​. ഇത്തവണ നേരത്തെ വിളവെടുക്കാനായതിന്‍റെ സന്തോഷത്തിലാണ്​ കർഷകർ.

അഗ്രികൾച്ചറൽ പ്രൊഡക്‌റ്റ്​സ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) പൂണെ ചെയർമാൻ മധുകാന്ത് ഗരാഡ് മതപരമായ പൂജയടക്കമുള്ള ചടങ്ങ് നടത്തിയാണ്​ ആദ്യ വിൽപനക്ക്​ ഒരുക്കം നടത്തിയത്​. ''കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഈ വർഷം നല്ല കാലാവസ്ഥ കാരണം മാങ്ങ ഉത്പാദനത്തിൽ വർധനവുണ്ട്. വരും മാസങ്ങളിൽ ധാരാളം മാങ്ങ എത്തിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ഫെബ്രുവരി അവസാനത്തോടെ മഹാരാഷ്ട്രയിൽ മാമ്പഴ സീസൺ ആരംഭിക്കും' -സാവന്ത് പറഞ്ഞു.

കോവിഡും ലോക്​ഡൗണും മോശം കാലാവസ്ഥയും കാരണം കഴിഞ്ഞ രണ്ട് വർഷം കൊങ്കൺ മേഖലയിലെ മാമ്പഴ കർഷകർ വൻനഷ്ടമാണ് നേരിട്ടതെന്ന്​ വ്യാപാരികളുടെയും ഏജന്റുമാരുടെയും അസോസിയേഷൻ പ്രസിഡന്‍റായ ബാപ്പു ഭോസാലെ പറഞ്ഞു. 

Tags:    
News Summary - First box of mangoes arrive at Market Yard, sold for ₹18K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.