ചിറ്റാറിക്കടവിലെ മത്സ്യകൃഷി ഫാം    

പ്രവാസി കൂട്ടായ്‌മയിൽ ചിറ്റാറിക്കടവിൽ ഓരുജല മത്സ്യകൃഷി ഫാം

ഉള്ള്യേരി: പ്രവാസി കൂട്ടായ്‌മയിൽ ഓരുജല മത്സ്യകൃഷി ഫാം ഉദ്‌ഘാടനത്തിനൊരുങ്ങി. കന്നൂര് അങ്ങാടിയിൽനിന്നും അരകിലോമീറ്റർ മാറി കണയങ്കോട് പുഴയോട് ചേർന്ന് കിടക്കുന്ന കടുക്കയിൽ താഴെ ഭാഗത്താണ് ചിറ്റാറിക്കടവ് പ്രവാസി ഫാം പ്രോജക്ടിന്റെ നേതൃത്വത്തിൽ മത്സ്യകൃഷി ഫാം പ്രവർത്തനം തുടങ്ങുന്നത്. പ്രവാസികളായ നൂറുപേർ ചേർന്ന് കമ്പനി രൂപവത്കരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളാണ് പുതിയ ആശയത്തിന് രൂപം കൊടുത്തത്.

ഉപ്പുവെള്ളം നിറഞ്ഞ് ചുറ്റുപാട് കാടുപിടിച്ച സ്വകാര്യ വ്യക്തിയുടെ നാല് ഏക്കർ സ്ഥലം 14 വർഷത്തേക്ക് പാട്ടത്തിനെടുത്തതാണ് ഫാം രൂപകൽപന ചെയ്തിട്ടുള്ളത്. 70 ലക്ഷം രൂപയോളം ഇതിനകം ചെലവായിട്ടുണ്ട്. ഫാമിനോട് ചേർന്ന് സൂപ്പർ മാർക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഹോട്ടൽ, മിനി കോൺഫറൻസ് ഹാൾ, ബോട്ടിങ് എന്നിവയും സജ്ജമാക്കും.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ബി. പ്രദീപ്കുമാറിന്റെയും അത്തോളിയിലെ മത്സ്യ കർഷകൻ മനോജിന്റെയും മാർഗനിർദേശത്തിലാണ് പ്രവർത്തനങ്ങൾ. ആദ്യഘട്ടത്തിൽ 30000 പൂമീൻ കുഞ്ഞുങ്ങളെയും 10,000 കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും. നേരിട്ടും അല്ലാതെയും നിരവധി പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും. പദ്ധതിയുടെ ഉദ്‌ഘാടനം 26ന് ശനിയാഴ്ച വൈകീട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. 

Tags:    
News Summary - fish farm in chittarikkadavu with expats unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.