പടന്ന: മത്സ്യകൃഷിയിൽ പുതുപരീക്ഷണവുമായി പ്രവാസികൾ. മൂന്നു വനിതകളടക്കം 10 സംരംഭകരാണ് കവ്വായിക്കായലിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നത്. പുഴമത്സ്യങ്ങളുടെ വർധിച്ച ആവശ്യകതയും ലഭ്യതക്കുറവുമാണ് ഇവരുടെ ആത്മവിശ്വാസം.
കായലിലെ ഓരുജലത്തിൽ ചെയ്യുന്ന വളപ്പ് കൃഷി എന്ന രീതി ജില്ലയിൽ ആദ്യത്തേതാണ്. കായലിൽ കൂടുകൃഷി വ്യാപകമാണെങ്കിലും അതിനെ അപേക്ഷിച്ച് കൂടുതൽ പ്രകൃതിദത്ത സ്വഭാവമുള്ളതിനാൽ യഥാർഥ രുചിയുള്ള പുഴമത്സ്യംതന്നെ ലഭിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത.
തെക്കേക്കാട് പടിഞ്ഞാറ് കവ്വായിക്കായലിൽ കരയിൽനിന്ന് 10 മീറ്റർ അകലത്തിലാണ് കൃഷിയിടം. തെങ്ങും കവുങ്ങും മുളയും ഉപയോഗിച്ച് കരയിൽനിന്ന് നടപ്പാതയും തട്ടുമൊരുക്കി 10 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലും 5000 ചതുരശ്ര അടി വിസ്തീർണത്തിൽ പുഴയിൽ അടിഭാഗത്തും വശങ്ങളിലും നെറ്റ് സ്ഥാപിച്ചാണ് കൃഷിയിടം ഒരുക്കി മത്സ്യങ്ങളെ നിക്ഷേപിക്കുന്നത്. താരതമ്യേന പരസ്പരഭീഷണി ഇല്ലാത്ത കരിമീനും കൊളോനുമാണ് കൃഷി ചെയ്യുന്നത്. ഇപ്പോൾ 3200 കൊളോെൻറയും 3500 കരിമീനിെൻറയും വിത്തുകൾ നിക്ഷേപിച്ചുകഴിഞ്ഞു.
കരിമീൻ വിത്തുകൾ ആലപ്പുഴയിൽനിന്ന് എത്തുമ്പോൾ കൊളോൻ വിത്തുകൾ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തു നിന്നാണ്. 25,000 മത്സ്യം ഒറ്റത്തവണ ഇവിടെ വളർത്താം.
24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കുന്ന സി.സി.ടി.വി കാമറ അടക്കമുള്ള സുരക്ഷ സംവിധാനം ഒരുക്കിയാണ് കൃഷി ആരംഭിക്കുന്നത്. കൂടാതെ പ്രോജക്ട് പ്രമോട്ടർ രവിയുടെ വീട് കൃഷിസ്ഥലത്തിന് തൊട്ടടുത്താണ് എന്നതും സുരക്ഷയേകുന്നു.
പ്രവാസികളായ വി.കെ. മുഹമ്മദ് ശഫീഖ്, പി.എം. സിറാജുദ്ദീൻ, വി.കെ. ശൈജൽ, പി.കെ. സാദിഖ്, വി.കെ. മുഹമ്മദ് കുഞ്ഞി, പി.പി. കരീം, ബി. ഫയാസ് എന്നിവർക്കൊപ്പം സുഹറ അബ്ദുൽ റഹ്മാൻ, ബി. ഫാത്തിബി, എസ്.സി. റംസീന എന്നീ വനിതകളും അടങ്ങുന്നതാണ് സംരംഭകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.